ജിദ്ദ:
പലസ്തീൻ ജനതക്കുനേരെ തുടരുന്ന ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു. പലസ്തീനിലെ രക്തരൂഷിതമായ സംഭവങ്ങളും ഇസ്രായേൽ ആക്രമണങ്ങളും മറ്റും ചർച്ചചെയ്യുന്നതിന് സൗദി അറേബ്യയുടെ ക്ഷണപ്രകാരം ഒ ഐ സി അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിതല എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അടിയന്തര യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സൗദി വിദേശകാര്യമന്ത്രി.
അന്താരാഷ്ട്ര മാനുഷിക നിയമത്തിൻറെ അടിസ്ഥാനത്തിലുള്ള എല്ലാ അന്താരാഷ്ട്ര പ്രമേയങ്ങളും തീരുമാനങ്ങളും ലംഘിക്കുന്നതാണ് ഫലസ്തീനിലും മുസ്ലിംകളുടെ പവിത്രമായ സ്ഥലങ്ങൾക്കും അവിടെയെത്തുന്ന ആരാധകർക്കും സാധാരണക്കാർക്കു നേരെയും ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണമെന്ന് സൗദി വിദേശകാര്യമന്ത്രി പറഞ്ഞു.