Thu. Dec 19th, 2024
ഗാസ:

പലസ്തീനികള്‍ താമസിക്കുന്ന വീടുകളിലേക്ക് ബോംബാക്രമണം നടത്തി ഇസ്രയേല്‍. ഞായറാഴ്ച നടന്ന ആക്രമണത്തില്‍ ഗാസയിലെ നിരവധി വീടുകളാണ് തകര്‍ന്നത്.
പാര്‍പ്പിട കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കഴിഞ്ഞ ദിവസം മാത്രം പത്ത് കുട്ടികളടക്കം 42 പലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ ഒരാഴ്ചയിലേറെയായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 192 ആയി. ഇതില്‍ 58 കുട്ടികളും 34 സ്ത്രീകളും ഉള്‍പ്പെടുന്നു.
ശനിയാഴ്ച ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പ് ലക്ഷ്യമാക്കി ഇസ്രയേല്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ 10 പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം 10 പേരാണ് കൊല്ലപ്പെട്ടത്.

സാധാരണ പൗരന്മാര്‍ താമസിക്കുന്ന പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തുന്നതില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്. ഹമാസിനും ഹമാസ് പട്ടാളത്തിനുമെതിരെ മാത്രമാണ് തങ്ങള്‍ ആക്രമണം നടത്തുന്നതെന്ന് ഇസ്രയേലിന്റെ ന്യായീകരണം വ്യാജമാണെന്ന് നിരവധി പേര്‍ പ്രതികരിച്ചു.

By Divya