ദോഹ:
ഇസ്രായേൽ പലസ്തീനിൽ നടത്തുന്ന നരമേധത്തിനെതിരായ ഗൾഫിലെ ചലനങ്ങളുടെ കേന്ദ്രമായി ഖത്തർ മാറുന്നു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരമേധത്തിെൻറ കൃത്യമായ വിവരങ്ങൾ ലോകത്തിനു മുന്നിൽ എത്തിക്കുന്നത് ദോഹ ആസ്ഥാനമായുള്ള ‘അൽ ജസീറ’ ചാനൽ ആണ്. ഗാസ സിറ്റിയിലെ അൽജസീറ റിപ്പോർട്ടർ യുംന അൽസെയ്ദ് അതിസാഹസികമായാണ് ബോംബ് ആക്രമണത്തിെൻറ തൽസമയ റിപ്പോർട്ടിങ് നടത്തുന്നത്.
കഴിഞ്ഞ ദിവസം റിപ്പോർട്ടിങ്ങിനിടെ ഇസ്രായേലിെൻറ ബോംബുകൾ തൊട്ടടുത്ത് പതിച്ചിരുന്നു. ഇതിെൻറ ശബ്ദവും തുടർന്നുള്ള സംഭവങ്ങളും ദൃശ്യങ്ങളിൽ കാണാമായിരുന്നു. കഴിഞ്ഞ ദിവസം ചാനലിന്റെയും അസോസിയേറ്റഡ് പ്രസ് ന്യൂസ് ഏജൻസിയുടെയും ഗാസയിലെ ഓഫിസുകൾ ഇസ്രായേൽ തകർത്തിരുന്നു.
ശനിയാഴ്ച രാത്രി പലസ്തീന് ഐക്യദാർഢ്യവുമായി ആയിരങ്ങളാണ് ഖത്തറിൽ ഒത്തുകൂടിയത്. ഇന്ത്യക്കാരടക്കം നൂറുകണക്കിനാളുകളാണ് ബാനറുകളും പലസ്തീൻ കൊടികളുമേന്തി ഇമാം അബ്ദുൽ വഹാബ് പള്ളി (ഗ്രാൻഡ് മോസ്ക്) പരിസരത്ത് സംഗമിച്ചത്.
വൈകുന്നേരം ഏഴിന് തുടങ്ങിയ ഐക്യദാർഢ്യ സംഗമം രാത്രി 10 വരെ നീണ്ടു. നൂറുകണക്കിന് ഖത്തരികളും വിദേശികളും പങ്കെടുത്തു. ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഡോ ഇസ്മായിൽ ഹനിയ്യയും ആഗോള മുസ്ലിം പണ്ഡിത സഭ ജനറൽ സെക്രട്ടറി അലി അൽഖുറദാഇ ഉൾപ്പെടെയുള്ളവരും പങ്കെടുത്തു. ‘നഹ്നു ഫലസ്തീൻ യാ ഹയ്യാ…യാ ഖത്തർ യാ ബയ്യാ…’ (നമ്മുടെ ഫലസ്തീൻ അതിജീവിക്കട്ടെ, ഖത്തർ എന്നും ഉയരങ്ങൾ താണ്ടട്ടെ) എന്ന മുദ്രാവാക്യം ജനങ്ങൾ ഉറക്കെ ചൊല്ലി.