Sun. Jan 19th, 2025
ജറുസലേം:

ഗാസയിലെ അല്‍ജസീറ, അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് എന്നീ മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ബോംബിട്ട് ഇസ്രായേൽ സൈന്യം. ആക്രമണത്തിനിരയായ ബഹുനില കെട്ടിടത്തില്‍ അസോസിയേറ്റഡ് പ്രസ്സിന്റെയും അല്‍ജസീറയുടെയും ഓഫീസുകള്‍ കൂടാതെ നിരവധി അപ്പാര്‍ട്ടുമെന്റുകളുമുണ്ട്.

തുടര്‍ച്ചയായ ആറ് ദിവസമായി ഇസ്രായേൽ ഗാസയിലേക്ക് ബോംബാക്രമണം നടത്തുകയാണ്. നേരത്തെ മാധ്യമസ്ഥാപനങ്ങള്‍ക്ക് കെട്ടിടം ഒഴിയാന്‍ അന്ത്യശാസനം നല്‍കിയതിന് പിന്നാലെയാണ് ഇസ്രായേൽ സൈനത്തിന്റെ നടപടി.

ഗാസയില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഇസ്രായേൽ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണമെന്ന വിമര്‍ശനം ഉയരുന്നുണ്ട്. രണ്ട് സെക്കന്റിനുള്ളില്‍ എല്ലാം അപ്രത്യക്ഷമായെന്നായിരുന്നു ആക്രമണത്തെക്കുറിച്ച് അല്‍ജസീറ ലേഖകന്‍ സഫ്വത് അല്‍ കഹ്ലൗട്ടിന്റെ പ്രതികരണം.

മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു കെട്ടിടവും കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം ബോംബിട്ട് തകര്‍ത്തിരുന്നു. മാധ്യമ സ്ഥാപങ്ങളുടെ കെട്ടിടം തകര്‍ത്ത ഇസ്രായേൽ നടപടി യുദ്ധക്കുറ്റമായി കാണണമെന്ന് അന്താരാഷ്ട്ര എത്തിക്കല്‍ ജേര്‍ണലിസം നെറ്റ്വര്‍ക്ക് അഭിപ്രായപ്പെട്ടു.

അതേസമയം, ഫലസ്തീനെതിരെ ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണം കൂടുതല്‍ ശക്തമായതിനെ തുടര്‍ന്ന് പതിനായിരത്തോളം ഫലസ്തീനികള്‍ക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നുവെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. കിഴക്കന്‍ ഗാസയില്‍ ഐക്യരാഷ്ട്ര സഭ നടത്തുന്ന സ്‌കൂളുകളിലാണ് ഫലസ്തീനികള്‍ അഭയം തേടിയിരിക്കുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ 39 കുട്ടികളടക്കം 140 ഫലസ്തീനികളാണ് ഇസ്രായേൽ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 950 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യോമാക്രമണത്തില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള ബങ്കറുകളോ മറ്റ് സംവിധാനങ്ങളോ ഗാസയിലെ വീടുകളിലില്ല. അതുകൊണ്ടു തന്നെ വീടുകള്‍ക്കുള്ളിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.

ഇതിനിടയില്‍ ഷാതി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് സ്ത്രീകളും ആറ് കുട്ടികളും കൊല്ലപ്പെട്ടു. ക്യാമ്പ് മുഴുവനായി തകര്‍ന്നതിനാല്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും പലരും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുകയുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കിഴക്കന്‍ ജറുസലേമിലെ ഷെയ്ഖ് ജറായില്‍ നിന്നും അറബ് വംശജരെയും മുസ്ലിങ്ങളെയും കുടിയൊഴിപ്പിക്കാനായി ഇസ്രായേൽ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെ പ്രദേശത്ത് ഒരു മാസത്തിലേറെയായി ഫലസ്തീനികള്‍ പ്രതിഷേധം നടത്തുന്നുണ്ടായിരുന്നു. പിന്നീട് മെയ് ഏഴിന് മസ്ജിദുല്‍ അഖ്സയില്‍ ഇസ്രായേൽ സേന ആക്രമണങ്ങള്‍ നടത്തുകയും ഹമാസ് ഇതിനെതിരെ രംഗത്തുവന്നതിനും പിന്നാലെയാണ് ഗാസയില്‍ ഇസ്രയേൽ വലിയ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചത്.

By Divya