Sat. Apr 27th, 2024
കോഴിക്കോട്:

എൻസിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരനെതിരെ പരസ്യ പ്രസ്താവന നടത്തിയതിനു പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി റസാഖ് മൗലവിയെ ഭാരവാഹിത്വത്തിൽ നിന്നു നീക്കി. നേരത്തേ നൽകിയ കാരണം കാണിക്കൽ നോട്ടിസിന് 7 ദിവസത്തിനകം മറുപടി നൽകാതിരുന്നതിനെ തുടർന്നാണു നടപടി.

തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നപ്പോൾ, മാണി സി കാപ്പൻ പാർട്ടി വിടാനുണ്ടായ സാഹചര്യം ദൗർഭാഗ്യകരമാണെന്നും, പാലായിൽ അദ്ദേഹം ജയിച്ച സാഹചര്യത്തിൽ എൽഡിഎഫ് ആത്മപരിശോധന നടത്തണമെന്നും ടിപി പീതാംബരൻ മാധ്യമപ്രവർത്തകരോടു പറഞ്ഞിരുന്നു.

എന്നാൽ അതു പാർട്ടിയുടെ നിലപാടല്ലെന്നും, പാർട്ടി വിട്ട മാണി സി കാപ്പനെ ന്യായീകരിക്കാനാണു സംസ്ഥാന പ്രസിഡന്റ് ശ്രമിച്ചതെന്നുമായിരുന്നു റസാഖ് മൗലവിയുടെ പ്രതികരണം. ഇതേ വിഷയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ രാജനും  പ്രസിഡന്റിനെതിരെ പ്രസ്താവന നടത്തിയിരുന്നു.

അതേ സമയം, മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുക മാത്രമാണു താൻ ചെയ്തതെന്നും,  ഇക്കാര്യത്തിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണു റസാഖ് മൗലവിയും പികെ രാജനും  ശ്രമിച്ചതെന്നുമായിരുന്നു ടിപി പീതാംബരന്റെ വാദം. പികെ രാജനെതിരെ നടപടിയെടുക്കാൻ പാർട്ടി കേന്ദ്ര നേതൃത്വത്തോടു സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

By Divya