Wed. Jan 22nd, 2025
കണ്ണൂർ:

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ടൗട്ടെ ചുഴലിക്കാറ്റായി രൂപപ്പെട്ടു. കാറ്റ് കണ്ണൂർ ജില്ലയിൽ നിന്ന് 290 കിലോമീറ്റർ അകലെയാണ്. വടക്കൻ ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കേരളത്തിന്റെ എല്ലാ മേഖലകളിലും വരും മണിക്കൂറുകളിൽ 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. സംസ്ഥാന വ്യാപകമായി ജാഗ്രതാ നിർദേശമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും നൽകിയിട്ടുള്ളത്. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം അതിതീവ്ര ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ഇന്നലെ രാത്രിയോടെ ലക്ഷദ്വീപിന് സമീപമെത്തിയ ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം ലക്ഷ്യമാക്കി നീങ്ങുമെന്നാണ് പ്രവചനങ്ങൾ. കണ്ണൂർ ജില്ലയിൽ നിന്ന് 290 കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ് നിലവിൽ കാറ്റിന്റെ സഞ്ചാരപാത. 24 മണിക്കൂറിനുള്ളിൽ കാറ്റ് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറും.

ടൗട്ടെ കേരള തീരത്ത് നേരിട്ട് വീശില്ലെങ്കിലും സഞ്ചാരപാത സംസ്ഥാനത്തോട് ചേർന്നായതിനാൽ ഇന്നും നാളെയും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

By Divya