ദോഹ:
12 നും 15 നും ഇടയിൽ പ്രായമുള്ളവർക്ക് ഫൈസർ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിയിക്കപ്പെട്ടതിനാൽ ഈ പ്രായക്കാർക്ക് ഖത്തറിലും ഉടൻ വാക്സിൻ നൽകും. കൊവിഡ് 19 ദേശീയ പദ്ധതി അധ്യക്ഷനും ഹമദ് മെഡിക്കൽ കോർപറേഷൻ സാംക്രമികാരോഗ്യവിഭാഗം തലവനുമായ ഡോ അബ്ദുല്ലത്തീഫ് അൽ ഖാൽ അറിയിച്ചതാണ് ഇക്കാര്യം.
നിലവിൽ രാജ്യത്ത് ഫൈസർ, മൊഡേണ വാക്സിനുകളാണ് എല്ലാവർക്കും സൗജന്യമായി നൽകുന്നത്. ഫൈസർ 16നും അതിന് മുകളിലും പ്രായമുള്ളവർക്കും മൊഡേണ 18 നും അതിനുമുകളിലും പ്രായമുള്ളവർക്കുമാണ് നൽകുന്നത്. രാജ്യത്ത് വാക്സിനുകൾ കൊവിഡിനെതിരെ മികച്ച പ്രതിരോധം നൽകുന്നുണ്ടെന്ന് കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്.
കുട്ടികൾക്കുകൂടി വാക്സിൻ നൽകുകയാണെങ്കിൽ രോഗത്തിൽനിന്ന് അവരെ സംരക്ഷിക്കുക മാത്രമല്ല വിദ്യാഭ്യാസരംഗത്തെ അന്തരീക്ഷം കൂടുതൽ എളുപ്പമാക്കുകയും ചെയ്യാം. സ്കൂളുകളിൽ നിലവിലുള്ള നിയന്ത്രണങ്ങൾ കൂടുതൽ ഒഴിവാക്കപ്പെടുകയും പഴയ സാഹചര്യത്തിലേക്ക് കാര്യങ്ങൾ മാറുകയും ചെയ്യും.
സാമൂഹികകാര്യങ്ങളിൽ കുട്ടികൾക്ക് കൂടുതൽ സ്വാതന്ത്ര്യവും കൂടുതൽ പ്രവർത്തനങ്ങളിൽ മറ്റുള്ളവരുമായി ഒരുമിക്കാൻ സാധ്യമാവുകയും ചെയ്യും. നിലവിൽ കുട്ടികൾക്ക് മാളുകളിലടക്കം പ്രവേശനമില്ല. ഈ സ്ഥിതി അവർക്ക് വാക്സിൻ ലഭ്യമാകുന്നതോടെ മാറും.