Fri. Nov 22nd, 2024
തിരുവനന്തപുരം:

സംസ്ഥാനത്തു സമ്പൂർണ ലോക്ഡൗൺ 23 വരെ നീട്ടി. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ഡൗണും ഏർപ്പെടുത്തും. ആദ്യഘട്ട ലോക്ഡൗൺ സമയത്ത് കാസർകോട്ട് ഏർപ്പെടുത്തിയ മാതൃകയിൽ കടുത്ത രീതിയിലാകും ട്രിപ്പിൾ ലോക്ഡൗൺ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ നടക്കുന്ന 20നു തലസ്ഥാനത്ത് എന്തു ക്രമീകരണം വേണമെന്ന് ആലോചിച്ചു തീരുമാനിക്കും. ലോക്ഡൗൺ നീട്ടുന്ന സാഹചര്യത്തിൽ ഏതാനും ആശ്വാസ നടപടികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

അവശ്യസാധന കിറ്റ് അടുത്തമാസവും നൽകും. അതിഥിത്തൊഴിലാളികൾക്കും കിറ്റ്.

ഈ മാസത്തെ സാമൂഹികസുരക്ഷാ പെൻഷൻ വിതരണം ഉടൻ.

ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് 1000 രൂപ ധനസഹായം

ഫണ്ടില്ലാത്ത ക്ഷേമനിധി ബോർഡുകൾക്കു സർക്കാർ സഹായം.

ക്ഷേമനിധി സഹായം ലഭിക്കാത്ത ബിപിഎൽ കുടുംബങ്ങൾക്ക് ഒറ്റത്തവണ സഹായം 1000 രൂപ.

സാമൂഹിക നീതി വകുപ്പിലെയും വനിതാ – ശിശുവികസന വകുപ്പിലെയും അങ്കണവാടി ജീവനക്കാർ ഉൾപ്പെടെ താൽക്കാലിക ജീവനക്കാർക്ക് ലോക്ഡൗൺ കാലത്തു ശമ്പളം.

വസ്തു നികുതി, ടൂറിസം നികുതി, ലൈസൻസ് പുതുക്കൽ തുടങ്ങിയവയ്ക്കുള്ള സമയം നീട്ടും.

കുടുംബശ്രീയുടെ 19,500 ഏരിയ ഡവലപ്മെന്റ് സൊസൈറ്റികൾക്ക് ഒരു ലക്ഷം രൂപ വീതം റിവോൾവിങ് ഫണ്ട്.

കുടുംബശ്രീ വഴിയുള്ള ‘സഹായ ഹസ്തം’ വായ്പ പദ്ധതിയിലെ 93 കോടി രൂപ പലിശ സബ്സിഡി മുൻകൂർ നൽകും.

കുടുംബശ്രീയുടെ ‘റിസർജന്റ് കേരള’ വായ്പാ പദ്ധതിയിലെ 76 കോടി പലിശ സബ്സിഡി അയൽക്കൂട്ടങ്ങൾക്കു മുൻകൂർ നൽകും.

കുടുംബശ്രീകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും വായ്പ തിരിച്ചടവിന് കേന്ദ്രത്തോട് 6 മാസം മൊറട്ടോറിയം ആവശ്യപ്പെടും.

By Divya