Wed. Nov 6th, 2024
എറണാകുളം:

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം. ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയ നിലയിലാണ്. ഇന്ന് വീണ്ടും കടൽ കയറുമെന്ന ആശങ്കയിലാണ് ജനങ്ങൾ. പുലർച്ചെ രണ്ടുമണി മുതൽ കടൽകയറ്റം രൂക്ഷമായിരുന്നു.

വെള്ളം കയറിയതിനെ തുടർന്ന് വീടുകളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവിൽ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും വീടുകളിൽ താമസിക്കാനുള്ള സാഹചര്യമില്ല.

ചെല്ലാനത്ത് മാത്രം നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമായതിനെ തുടർന്ന് ഇന്നലെ 30 അംഗ ദേശീയ ദുരന്ത നിവാരണ സേന എത്തിയിരുന്നു. ഫയർ ഫോഴ്സും പൊലീസും പ്രദേശത്ത് സജ്ജമാണ്.

കൊവിഡ് രോഗബാധ രൂക്ഷമായ ചെല്ലാനത്ത് 55 ശതമാനത്തിലധികമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതുകൊണ്ട് തന്നെ ഈ പ്രദേശത്തെ ജനങ്ങളുടെ പുനരധിവാസം ജില്ലാ ഭരണകൂടത്തിന് വലിയ വെല്ലുവിളിയാണ്. ആളുകൾ ബന്ധു വീടുകളിലേക്കും സുഹൃത്തുകളുടെ വീടുകളിലേക്കും മാറുകയാണ് ചെയ്യുന്നത്.

By Divya