Sat. Jan 18th, 2025
ടോക്യോ:

ഇന്ത്യയുടെ ഒളിമ്പിക്സ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായി ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി ജപ്പാൻ. ഇന്ന് മുതൽ വിലക്ക് നിലവിൽ വന്നു. വിലക്ക് നീണ്ടാൽ താരങ്ങളെ പങ്കെടുപ്പിക്കാൻ മറ്റ് വഴികൾ തേടേണ്ടി വരും. അതേസമയം മലയാളി താരം കെ ടി ഇർഫാൻ അടക്കം എട്ട് അത്ലറ്റുകള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് കാലത്തെ ഒളിമ്പിക്സിനെതിരെ രാജ്യത്തിനകത്ത് തന്നെ പ്രതിഷേധം കനക്കുന്നതിനിടെയാണ്, ജപ്പാൻ ഇന്ത്യയടക്കം രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്നത്. പാക്കിസ്ഥാനും നേപ്പാളും യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിലുണ്ട്. താൽക്കാലിക വിലക്കെന്ന് പറയുമ്പോഴും വിലക്ക് എപ്പോൾ പിൻവലിക്കുമെന്ന് പറയാനാകാത്ത സാഹചര്യമാണുള്ളത്. വിലക്ക് നീണ്ടാൽ ഇന്ത്യൻ താരങ്ങൾക്ക് ജപ്പാനിൽ മത്സരിക്കാനാകില്ല.

പ്രശ്നം പരിഹരിക്കാൻ ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന് മുന്നിൽ പോംവഴി ജപ്പാൻ റെഡ് സോണിൽ പെടുത്താത്ത രാജ്യങ്ങളിലൊന്നിൽ താരങ്ങളെയെല്ലാം ഒരു മാസം മുൻപെങ്കിലും എത്തിക്കുക എന്നതാണ്. അവിടെ നിന്ന് പോവുമ്പോൾ ജപ്പാനിൽ നേരത്തെ നിശ്ചയിച്ച 14 ദിവസത്തെ ക്വറന്‍റീൻ മാത്രം മതിയാവും.

പക്ഷെ പല ഫെഡറേഷനുകൾക്ക് കീഴിൽ പലയിടങ്ങളിൽ പരിശീലിക്കുന്ന 100ലേറെ താരങ്ങളെ ഒന്നിച്ച് കൊണ്ടു വരണം. ചില താരങ്ങൾ വിദേശത്ത് പരിശീലന മത്സരങ്ങളിലുമാണ്. പ്രതിസന്ധി പലതാണെങ്കിലും പോംവഴി ഇത് മാത്രമെന്നാണ് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ തലവൻ നരീന്ദർ ബത്ര പറയുന്നത്.

യോഗ്യതാ മത്സരങ്ങൾ പലതും ഉപേക്ഷിച്ചത് കാരണം നേരത്തെ ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്‍വാളിനും കെ ശ്രീകാന്തിനും ടോക്യോ ഒളിംപിക്സിന് യോഗ്യത ലഭിച്ചിരുന്നില്ല. അതേസമയം ബംഗളൂരു സായ് കേന്ദ്രത്തിൽ പരിശീലനം നടത്തുന്ന എട്ട് കായികതാരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.

നടത്തത്തിൽ ഇന്ത്യൻ പ്രതീക്ഷയായ കെ ടി ഇ‌ർഫാനും കൂട്ടത്തിലുണ്ട്. കഴിഞ്ഞ ആഴ്ച നടത്തിയ ടെസ്റ്റിലാണ് പോസിറ്റീവായത്. ആർക്കും ലക്ഷണങ്ങളില്ല.

By Divya