ഛണ്ഡിഗഢ്:
കർഷകസമരം ചില ഗ്രാമങ്ങളെ കൊവിഡ് ഹോട്ട്സ്പോട്ടാക്കിയെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ. വാർത്ത ഏജൻസിയായ എഎൻഐയോടാണ് ഹരിയാന മുഖ്യമന്ത്രിയുടെ പ്രതികരണം.
ഒരു മാസം മുമ്പ് കർഷക സമരം നിർത്താൻ താൻ അഭ്യർത്ഥിച്ചിരുന്നു. കൊവിഡ് പടരുന്ന പശ്ചാത്തലത്തിലായിരുന്നു അത്. രോഗബാധ നിയന്ത്രണവിധേയമായതിന് ശേഷം സമരം തുടരാമെന്നും അറിയിച്ചു. എന്നാൽ, ഇപ്പോൾ സമരം മൂലം ചില ഗ്രാമങ്ങൾ കോവിഡ് ഹോട്ട്സ്പോട്ടായി മാറിയിരിക്കുകയാണ്.
സമരം കഴിഞ്ഞ് വിവിധ സ്ഥലങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരാണ് ഗ്രാമീണ മേഖലയിലെ കൊവിഡ് വ്യാപനത്തിന് കാരണം. കർഷക സമരം നിർത്താൻ നേതാക്കളോട്ഒരിക്കൽ കൂടി അഭ്യർത്ഥിക്കുകയാണ്. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടതെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.
ഹരിയാനയിൽ വ്യാഴാഴ്ച 12,286 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 16,041 പേർ രോഗമുക്തി നേടി. 163 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. കൊവിഡ് രൂക്ഷമായതിനെ തുടർന്ന് മെയ് 17 വരെ ഹരിയാനയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.