Thu. Dec 19th, 2024
ജറുസലേം:

ഗാസക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 100 കടന്നു. 28 കുട്ടികളും 11 സ്ത്രീകളും ഉള്‍പ്പെടെ 109 പേരാണ് ഔദ്യോഗിക കണക്കുപ്രകാരം കൊല്ലപ്പെട്ടത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 580 പലസ്തീനികള്‍ക്ക് പരിക്കേറ്റു.

പെരുന്നാള്‍ ദിനത്തിലും ഗാസയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഷെല്ലാക്രമണത്തില്‍ ഗാസയിലെ ആറ് നില പാര്‍പ്പിട സമുച്ചയം തകര്‍ന്നു. ഗാസയിലെ 1000 കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്.

ഹമാസ് നടത്തിയ പ്രത്യാക്രമണത്തില്‍ ഇസ്രായേലിലെ ടെല്‍ അവീവിലെ ഒരു കെട്ടിടം തകര്‍ന്നു. അഞ്ച് ഇസ്രായേലികള്‍ക്ക് പരിക്കേറ്റു. ഇസ്രായേല്‍ സേനയുടെ കണക്ക് പ്രകാരം ഏഴ് ഇസ്രായേല്‍ പൌരന്മാരാണ് നാല് ദിവസത്തിനിടെ കൊല്ലപ്പെട്ടത്.

അതിര്‍ത്തികളില്‍ വന്‍ സൈന്യത്തെയാണ് ഇസ്രായേല്‍ വിന്യസിച്ചിട്ടുള്ളത്. ‘ഞങ്ങള്‍ തയ്യാറാണ്, വിവിധ സാഹചര്യങ്ങളെ നേരിടാനായി തയ്യാറെടുക്കുകയാണ്’ എന്നാണ് ഇസ്രായേല്‍ സേനാ വക്താവ് ജോനാഥാന്‍ കോണ്‍റികസ് പറഞ്ഞത്. ഇപ്പോള്‍ വ്യോമാക്രണമാണ് നടക്കുന്നതെങ്കില്‍, കരമാര്‍ഗം നേരിട്ടുള്ള ആക്രമണത്തിനുള്ള പദ്ധതി ഇസ്രായേല്‍ സൈന്യം സര്‍ക്കാരിന് സമര്‍പ്പിക്കാനൊരുങ്ങുകയാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലില്‍ ആഭ്യന്തര കലാപം രൂക്ഷമാകുകയാണ്. പലയിടങ്ങളിലും അറബ് വംശജരും ജൂതരും തമ്മില്‍ ഏറ്റുമുട്ടി. പെരുന്നാള്‍ ദിനത്തില്‍ വീടുകളിലും അടുത്തുള്ള പള്ളികളിലുമായി പ്രാര്‍ത്ഥനയില്‍ മുഴുകുകയായിരുന്നു പലസ്തീനികള്‍.

ഗാസയിലെ ഖാന്‍ യുനിസില്‍ ഇസ്രായേല്‍ ആക്രണത്തില്‍ കൊല്ലപ്പെട്ട 11കാരന്‍റെയും 13കാരന്‍റെയും മൃതദേഹവുമേന്തി വിലാപയാത്ര നടത്തി.

By Divya