Mon. Dec 23rd, 2024
കൊച്ചി:

ഓക്സിജൻ ക്ഷാമം മുന്നിൽ കണ്ട് എറണാകുളം ജില്ലയിൽ അതിവേഗ നടപടി. ഇൻഡസ്ട്രിയൽ സിലിണ്ടറുകൾ, മെഡിക്കൽ ഓക്സി‍ജൻ സിലിണ്ടറുകളാക്കുന്ന പ്രവർത്തനം തുടരുന്നു. മറ്റ് ജില്ലകളിൽ നിന്നെത്തിക്കുന്ന സിലിണ്ടറുകളും രൂപമാറ്റം നടത്തി നൽകുന്നുണ്ട്.

എസ്എച്ച്എം ഷിപ്പ് കെയറിലേക്ക് ആദ്യം സിലിണ്ടറുകളുമായെത്തിയത് കൊച്ചിൻ ഷിപ്പ്യാർഡാണ്. വ്യവസായാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന നൈട്രജൻ, ഹീലിയം സിലിണ്ടറുകൾ വൃത്തിയാക്കി മെഡിക്കൽ ഓക്സിജൻ സിലിണ്ടറാക്കി നൽകുന്നു.

സിലിണ്ടറുകളുടെ ഉള്ളിൽ വെളിച്ചം കടത്തി പരിശോധിച്ച്, പൊടി തട്ടി, കഴുകി, പ്രഷർ ടെസ്റ്റ് നടത്തി ഒടുക്കം പെയിന്റും ചെയ്ത് അസ്സൽ ഓക്സിജൻ സിലിണ്ടറാക്കി നൽകിയതോടെ പിന്നാലെ ജില്ലാ ഭരണകൂടവുമെത്തി. ജില്ലയിലെ ഒട്ടുമിക്ക വ്യവസായ സ്ഥാപനങ്ങളിൽ നിന്നുമെത്തിക്കുന്ന സിലിണ്ടറുകൾ വൃത്തിയാക്കി നൽകണമെന്ന ആവശ്യവുമായി.

ഓക്സിജൻ ക്ഷാമ കാലത്ത് ഇതിന്റെ ആവശ്യകത മനസിലാക്കിയതോടെ കമ്പനി മറ്റ് പ്രവർത്തനങ്ങൾ നിർത്തിവെച്ച് പൂർണമായും സിലിണ്ടർ വൃത്തിയാക്കലിലേക്ക് മാറി.
എറണാകുളത്തിന് പുറമെ മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ നിന്നും സിലിണ്ടറുകൾ എത്തുന്നുണ്ട്. ഇതിൽ 50 വർഷത്തിലേറെ പഴക്കമുള്ളവ വരെയുണ്ട്.

സുരക്ഷാ പരിശോധനയിൽ വിജയിക്കാത്തത് ഉപേക്ഷിക്കും. ബാക്കിയുള്ളവ അതത് ജില്ലാ ഭരണകൂടങ്ങളെത്തന്നെ തിരികെയേൽപ്പിക്കും. ദിവസേന 150ലേറെ സിലിണ്ടറുകളാണ് കമ്പനിയിലെത്തുന്നത്. 100 മുതൽ 120 വരെ സിലിണ്ടറുകൾ വൃത്തിയാക്കും.

കമ്പനിയിലെ 40 പേരും പ്രതിഫലത്തിനല്ല ഇപ്പോൾ അധ്വാനിക്കുന്നത്. അസാധാരണകാലത്ത് തങ്ങളാലാകും വിധം ആശ്വാസമാകാനാണ്.

By Divya