കുവൈത്ത് സിറ്റി:
കുവൈത്തിൽ നിലവിലുണ്ടായിരുന്ന ഭാഗിക കർഫ്യൂ പിൻവലിച്ചു. വ്യാഴാഴ്ച പുലർച്ച ഒന്നുമുതൽ കർഫ്യൂ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനിച്ചത്. രാത്രി ഏഴുമുതൽ പുലർച്ച അഞ്ചുവരെയാണ് കർഫ്യൂ ഉണ്ടായിരുന്നത്.
അതേസമയം, കർഫ്യൂ അവസാനിപ്പിച്ചെങ്കിലും വ്യാപാര നിയന്ത്രണങ്ങൾ ഉണ്ടാകും. രാത്രി എട്ടുമുതൽ പുലർച്ച അഞ്ചുവരെയാണ് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടേണ്ടത്. റസ്റ്റാറൻറുകൾ, കഫേകൾ, അറ്റകുറ്റപ്പണി സേവനങ്ങൾ, ഫാർമസികൾ, ഫുഡ് മാർക്കറ്റിങ്ഔട്ട്ലെറ്റുകൾ, പാരലൽ മാർക്കറ്റ്, മെഡിക്കൽ ആൻഡ് സപ്ലൈസ് എന്നിവക്ക് വിലക്ക് ബാധകമല്ല.
റസ്റ്റാറൻറുകളും കഫേകളും ടേക് എവേ/ഡെലിവറി സേവനങ്ങൾ തുടരണം. സ്ഥാപനത്തിൽ ഇരുന്ന് കഴിക്കുന്ന രീതി മറ്റൊരറിയിപ്പുണ്ടാകുന്നതുവരെ പാടില്ല. മാർച്ച് എട്ടുമുതൽക്കാണ് കുവൈത്തിൽ ഭാഗിക കർഫ്യൂ ആരംഭിച്ചത്.
പെരുന്നാൾ കച്ചവടം നഷ്ടപ്പെട്ടതിന്റെയും വ്യാപാര നിയന്ത്രണങ്ങൾ ഭാഗികമായി തുടരുന്നതിന്റെയും നിരാശയുണ്ടെങ്കിലും നിയന്ത്രണങ്ങൾ നീക്കി പതിയെ സാധാരണ നിലയിലേക്ക് വരുന്നതിന്റെ ആശ്വാസമാണ് വ്യാപാരി സമൂഹം ഉൾപ്പെടെയുള്ളവർക്ക്. കർഫ്യൂ അവസാനിക്കുന്നത് വിപണിക്ക് ആശ്വാസം പകരും.
വാക്സിനേഷനിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടായതും പുതിയ കേസുകളും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞതും ആശ്വാസ നടപടിക്ക് അധികൃതരെ പ്രേരിപ്പിച്ചു.