Thu. Apr 18th, 2024
ന്യൂഡൽഹി:

കൊവിഷീൽഡ് വാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള കൂട്ടണമെന്ന് ശുപാർശ. കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടേതാണ് ശുപാർശ. 12 മുതൽ 16 ആഴ്ചവരെ വാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള നീട്ടണമെന്നാണ് ആവശ്യം.

കൊവിഡ് ബാധിച്ചവർക്ക് വാക്സീൻ ഡോസ് എടുക്കുന്നത് ആറ് മാസത്തിന് ശേഷം മതിയെന്നും ശുപാർശയിലുണ്ട്. ഗർഭിണികൾ വാക്സീൻ സ്വീകരിക്കണോയെന്ന തീരുമാനം അവർക്ക് തന്നെ വിട്ടുനൽകണം. മുലയൂട്ടുന്ന അമ്മമാർക്ക് വാക്സീൻ സ്വീകരിക്കാൻ തടസ്സമില്ല.

നിലവിൽ കൊവിഷീൽഡ് വാക്സീൻ സ്വീകരിക്കുന്നതിനുള്ള ഇടവേള നാല് മുതൽ എട്ടാഴ്ച വരെയാണ്. കൊവാക്സിന്റെ കാര്യത്തിലും ഇതേ ഇടവേളയാണ് നിലവിൽ പാലിക്കുന്നത്.

എന്നാൽ കൊവാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള മാറ്റണമെന്ന ആവശ്യം സമിതിയുടെ ശുപാർശയിലില്ല. കൊവിഡ് 19 വാക്സീൻ അഡ്മിനിസ്ട്രേഷന് വേണ്ടിയുള്ള വിദഗ്ദ്ധരുടെ ദേശീയ സമിതിയിലേക്കാണ് ഈ ശുപാർശകൾ പോവുക.

By Divya