Mon. Dec 23rd, 2024
ന്യൂഡൽഹി:

ഇന്ത്യയുടെ തദ്ദേശ വാക്സീനായ, ഭാരത് ബയോടെക്കിന്റെ കൊവാക്സിന് രണ്ടു മുതൽ 18 വയസ്സുവരെയുള്ളവരിൽ ക്ലിനിക്കൽ ട്രയലിന് സബ്ജക്ട് എക്സ്പർട്ട് കമ്മിറ്റി അനുമതി നൽകി. രണ്ടാം ഘട്ടത്തിന്റെ ഫലം അറിഞ്ഞ ശേഷമേ മൂന്നാം ഘട്ടം തുടങ്ങാവൂ എന്നു നിർദേശമുണ്ട്.
അതേസമയം 12 –15 പ്രായക്കാരായ കുട്ടികൾക്കു ഫൈസർ വാക്സീൻ നൽകാൻ കാനഡയ്ക്കു പിന്നാലെ യുഎസും അനുമതി നൽകി. നാളെ മുതൽ നൽകിത്തുടങ്ങുമെന്നാണു സൂചന.

16 വയസ്സിനു മുകളിലുള്ളവർക്കു നേരത്തെ തന്നെ പല രാജ്യങ്ങളും ഫൈസർ വാക്സീൻ നൽകിത്തുടങ്ങിയിരുന്നു. 12–16 പ്രായക്കാരിൽ ആദ്യം അനുമതി നൽകിയതു കാനഡയാണ്.
മുതിർന്നവർക്കുള്ള അതേ ഡോസ് തന്നെയാണ‌ു കുട്ടികൾക്കും.

വാക്സീൻ ഇന്ത്യയിൽ ലഭ്യമാക്കാനുള്ള താൽപര്യം ഫൈസർ അറിയിച്ചിട്ടുണ്ടെങ്കിലും കുട്ടികൾക്കു നൽകാനുള്ള ആലോചനയിലേക്കു കടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം സൂചിപ്പിച്ചു. മൂന്നാം കൊവിഡ് തരംഗമുണ്ടായാൽ അത് ഏറെ ബാധിക്കുക കുട്ടികളെയാണെന്ന മുന്നറിയിപ്പു നിലനിൽക്കെയാണിത്. രണ്ടാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുന്നെന്ന ആരോപണം ഇന്നലെയും ആരോഗ്യമന്ത്രാലയം നിഷേധിച്ചു.

ഇന്ത്യയുടെ കോവാക്സിൻ കുട്ടികളിലെ ട്രയൽ നടപടികളിലേക്കു കടന്നെങ്കിലും കൊവിഷീൽഡ് ഈ ഘട്ടത്തിലേക്കു കടന്നിട്ടില്ല.

By Divya