കോഴിക്കോട്:
കോഴിക്കോട് ജില്ലയിൽ കൊവിഡ് ഭീതിക്കിടയിൽ ആശങ്ക ഉയർത്തി ഡെങ്കിപ്പനി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ 18 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് പ്രതിരോധത്തിനൊപ്പം ഡെങ്കിപ്പനി പ്രതിരോധവും ശക്തമാക്കുകയാണ് പഞ്ചായത്തും ആരോഗ്യവകുപ്പും.
മണിയൂർ പഞ്ചായത്തിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലാണ്. ഇവിടെയാണ് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചത്. പതിനെട്ടാം വാർഡിൽ മാത്രം 11 പേർക്ക് രോഗം വന്നു. അതേസമയം കൊവിഡ് പ്രതിരോധത്തിലേർപ്പെട്ടിരിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ജീവനക്കാർ,ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച് ഉറവിട നശീകരണം,ഫോഗിങ്,മരുന്ന് തളിക്കൽ എന്നിവ നടത്തുന്നുണ്ട്.