ന്യൂഡൽഹി:
ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ അപലപിച്ചു. ഗാസയിലേക്കുള്ള ഇസ്രായേൽ വ്യോമാക്രമണം നിരവധി ഫലസ്തീൻ പൗരൻമാരുടെ ജീവനെടുത്തതായി സിപിഎം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
”കിഴക്കൻ ജറുസലേമിൽ ഒരു സമ്പൂർണ അധിനിവേശത്തിന് ഇസ്രായേൽ ഒരുങ്ങുകയാണ്. ജൂത കുടിയേറ്റക്കാർക്കായി ശൈഖ് ജറയിൽ പ്രതിഷേധിക്കുന്ന ഫലസ്തീനികളെ ബലമായി അടിച്ചമർത്തുകയാണ്. മുസ്ലിംകളുടെ വിശുദ്ധമായ മൂന്നാം ദേവാലയമായ മസ്ജിദുൽ അഖ്സയിൽ സൈന്യം ആക്രമണം നടത്തി. റമദാൻ മാസത്തിൽ പള്ളിയിൽ പ്രാർഥിച്ച നിരവധി പേർക്ക് പരിക്കേറ്റു”.
”ഇസ്രയേൽ തിരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം നേടാൻ പരാജയപ്പെട്ട നെതന്യാഹു ചെറിയ രാഷ്ട്രീയ നേട്ടങ്ങൾക്കും കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ മറച്ചുവെക്കാനുമായി ആക്രമണങ്ങൾ നടത്തുകയാണ്. ഇസ്രയേലിൽ താമസിക്കുന്ന ഫലസ്തീനികൾ വാക്സിൻ ലഭിക്കുന്നതിൽ പോലും വിവേചനം നേരിട്ടു”.
”ഇസ്രയേലിന്‍റെ ഇത്തരം നടപടികൾ യു എൻ പുറത്തിറക്കിയ വിവിധ പ്രമേയങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും എതിരാണ്. സിപിഎം ഇത്തരം ആക്രമണങ്ങളെ അപലപിക്കുകയും ഫലസ്തീൻ ജനതക്ക് പിന്തുണ അറിയിക്കാൻ ഇന്ത്യൻ സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു” – സിപിഎം പി ബി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.