Wed. Nov 6th, 2024
തിരുവനന്തപുരം:

കൊവിഡ് വ്യാപനം തടയാൻ മുൻനിരയിലുള്ള പൊലീസ് സേനയിൽ രോഗം പടരുന്നു. 1280 പൊലീസുകാർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. വരും ദിവസങ്ങളിൽ സേനകളിൽ രോഗം ബാധിതരുടെ എണ്ണം കൂടാനാണ് സാധ്യത. രോഗം പടരുന്ന സാഹചര്യത്തിൽ പൊലീസിന്‍റെ ജോലിയിൽ ഷിഫ്റ്റ് സമ്പ്രദാനം നടപ്പാക്കാൻ ഡിജിപി നിർദ്ദേശിച്ചു.

കൊവിഡ് വ്യാപനം പിടിച്ചു നിർത്താൻ മുഴുവൻ സേനാംഗങ്ങളെയും നിരത്തിലിറക്കിയാണ് പ്രതിരോധ പ്രവർത്തനം. ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പൊലീസിൻറെ ജോലി ഇരട്ടിയായി. സ്റ്റേഷനിലെ ജോലികൾക്കു പുറമേ 24 മണിക്കൂറും നിരത്തുകളിൽ പരിശോധനക്കും പൊലീസുകാരുണ്ട്.

ഇതിനിടെയിലാണ് പൊലീസുകാർക്കിടയിൽ രോഗം വ്യാപനം മൂർച്ഛിച്ചത്. മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലാണ് കൂടുതൽ പൊലീസുകാർക്ക് രോഗം വന്നത്. 80 ശതമാനം പൊലീസുകാരും രണ്ടാം ഘട്ട വാക്സിൻ നൽകിയിരുന്നു.

വാക്സിനെടുത്തവർക്കും രോഗം വന്നിട്ടുണ്ട്. ജോലി തിരക്കു കാരണം ഒരു സേനാംഗത്തിന് രോഗം വന്നാൽ സമ്പർഗത്തിലുള്ളവരെ ക്വറന്‍റെയിനിലേക്ക് പല ജില്ലകളിലും അയക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിൽ മൂന്നു ഷിഫ്റ്റുകളായി ജോലി ക്രമീകരിക്കാൻ ഡിജിപി ഉത്തരവിട്ടു.

നിരത്തുകളിൽ വാഹന പരിശോധന നത്തുന്നത് 24 മണിക്കൂറും തുടരുന്നതിനാൽ മൂന്നു ഷിഫ്റ്റുകളായി പൊലീസു കാർ ജോലി ചെയ്യണം. പ്രതിരോധ പ്രവർത്തന ജോലികളിലുള്ള സ്റ്റേഷനികളിലേക്ക് വരണമെന്നില്ല. വാഹനപരിശോധനക്കായി ജോലിക്കെത്തേണ്ട സ്ഥലം പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥർ ഫോണിൽ അറിയിക്കണം.

ജോലിക്കു ശേഷം പൊലീസുകാർ വീട്ടിൽ തന്നെ മടങ്ങിപ്പോണമെന്നും കറങ്ങി നടക്കതുമെന്നാണ് പൊലീസ് മേധാവിയുടെ നിർദ്ദേശം. സ്റ്റേഷൻ ജോലികൾക്കും കേസന്വേഷണത്തിനും പ്രത്യേക സംഘത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർ നിയോഗിക്കണമെന്നാണ് നിർദ്ദേശം.

പരാതികള്‍ പരമാവധി ഓണ്‍ ലൈൻ വഴിയാക്കണം. പരാതികള്‍ സ്വീകരിക്കാൻ പൊതു സ്ഥലങ്ങളില്‍ കിസ്കോകള്‍ സ്ഥാപിക്കാനും ആരംഭിച്ചിട്ടുണ്ട്. അതേ സമയം ഇന്നും സംസ്ഥാന വാഹന പരിശോധന കർശനമായി തുടരുകയാണ്.

തിങ്കളാഴ്ചയായതിനാൽ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൂടുതൽ വാഹനഹങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ട്. അനാവശ്യ യാത്രാക്കരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പിഴയീടാക്കുകയും ചെയ്യുന്നുണ്ട്.

By Divya