Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരളത്തിന്റെ സമരപോരാട്ടങ്ങൾക്കെന്നും നേതൃത്വം വഹിച്ചിട്ടുള്ള, എപ്പോഴും പാവങ്ങൾക്ക് വേണ്ടി ജീവിച്ചിട്ടുള്ള ഒരു വ്യക്തിത്വമാണ് ​കെ ആർ ഗൗരിയമ്മയുടേത് എന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. അവസാനകാലത്ത് വരെ തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകളിൽ ഉറച്ച് നിന്നിട്ടുള്ള വ്യക്തിയാണ്. രാഷ്ട്രീയമായി എതിർചേരിയിൽ നിന്ന സന്ദർഭത്തിൽ പോലും വ്യക്തിപരമായി ബന്ധങ്ങൾ കാത്തുസൂക്ഷിക്കാനും വളരെയേറെ സ്നേഹബന്ധങ്ങൾ വച്ചുപുലർത്താനും കഴിഞ്ഞിട്ടുള്ള ഒരു വ്യക്തിത്വമാണ് ​ഗൗരിയമ്മയുടേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ വാക്കുകൾ…

വലിയ വേദന നൽകുന്ന വിയോ​ഗമാണ് കെ ആർ ​ഗൗരിയമ്മയുടേത്. ​ഗൗരിയമ്മയുമായി വളരെ അടുത്ത ബന്ധം എനിക്കുണ്ടായിരുന്നു. അത് എതിർക്കുന്ന കാലഘട്ടത്തിലും അനുകൂലിക്കുന്ന കാലഘട്ടത്തിലുമെല്ലാം വളരെയേറെ സ്നേഹവും വാത്സല്യവും ഞങ്ങളെപ്പോലെയുള്ള പൊതുപ്രവർത്തകർക്ക് നൽകിയിട്ടുള്ള ഒരമ്മയുടെ സ്ഥാനമാണ് ​ഗൗരിയമ്മയ്ക്കുള്ളത്.

ആലപ്പുഴ ജില്ലയിലെ രാഷ്ട്രീയപ്രവർത്തനങ്ങൾ‍ക്കിടയിൽ എപ്പോഴും കാണാനും ആ സ്നേഹം അനുഭവിക്കാനും ഉള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്. എതിർചേരിയിൽ നിന്ന സന്ദർഭത്തിൽ പോലും വ്യക്തിപരമായി ബന്ധങ്ങൾ കാത്തുസൂക്ഷിക്കാനും വളരെയേറെ സ്നേഹബന്ധങ്ങൾ വച്ചുപുലർത്താനും കഴിഞ്ഞിട്ടുള്ള ഒരു വ്യക്തിത്വമാണ്.

വളരെയേറെ ആഴത്തിൽ കേരളരാഷ്ട്രീയത്തെ പഠിച്ചിട്ടുള്ള ഒരു വ്യക്തിയാണ്. കേരളത്തിന്റെ സമരപോരാട്ടങ്ങൾക്കെന്നും നേതൃത്വം വഹിച്ചിട്ടുള്ള, എപ്പോഴും പാവങ്ങൾക്ക് വേണ്ടി ജീവിച്ചിട്ടുള്ള ഒരു വ്യക്തിത്വമാണ് ​ഗൗരിയമ്മയുടേത്. കേരളത്തിന് ഒത്തിരിയൊത്തിരി സംഭാവനകൾ നൽകിയ ഒരു ഭരണാധികാരിയായിരുന്നു, രാഷ്ട്രീയനേതാവായിരുന്നു.

അനുപമമായ വ്യക്തിത്വത്തിനുടമയാണ്. അവസാനകാലത്ത് വരെ തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകളിൽ ഉറച്ച് നിന്നിട്ടുള്ള വ്യക്തിയാണ്. യുഡിഎഫ് സർക്കാരുകളിൽ മന്ത്രിയായിരുന്ന കാലത്തും തന്റെ നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ട് പാവങ്ങൾക്കും സാധാരണക്കാർക്കും വേണ്ടി പോരാടിയ ​ഗൗരിയമ്മയെ ഞാനോർക്കുകയാണ്.

കേരളത്തിന് ഒരിക്കലും മറക്കാനാകാത്ത സംഭാവനകൾ നൽകിയ വ്യക്തിയാണ്. ആലപ്പുഴ ജില്ലയുടെ വികസനത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്.

By Divya