ലണ്ടൻ:
ഒറ്റ ഡോസ് ആസ്ട്ര സെനിക്ക വാക്സിൻ കൊവിഡ് ബാധിച്ചുള്ള മരണസാധ്യത 80 ശതമാനം കുറക്കുമെന്ന് പഠനം. ഇംഗ്ലണ്ടിലെ പബ്ലിക് ഹെൽത്താണ് പഠനം നടത്തിയത്. ഫൈസർ വാക്സിൻറെ ഒറ്റ ഡോസ് സ്വീകരിച്ചാലും മരണസാധ്യത കുറക്കാം.
2020 ഡിസംബർ മുതൽ 2021 ഏപ്രിലിനിടയിൽ കൊവിഡ് ബാധിച്ച ആളുകളിലാണ് പഠനം നടത്തിയത്. പഠനത്തിൽ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് മരണസാധ്യത 80 ശതമാനം വരെ കുറക്കുമെന്നാണ് വ്യക്തമായത്. ഫൈസർ വാക്സിൻ സ്വീകരിച്ചവരിലും ഏതാണ്ട് സമാനമായ ഫലം ലഭിച്ചിട്ടുണ്ടെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
ഫൈസർ വാക്സിൻറെ രണ്ട് ഡോസും സ്വീകരിച്ചാൽ മരണസാധ്യത 97 ശതമാനം വരെ കുറക്കാമെന്നും പഠനത്തിൽ പറയുന്നു. തിങ്കളാഴ്ച മുതൽ യു കെയിൽ കോവിഡിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരുന്നു. വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ബോറിസ് ജോൺസൺ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പഠനഫലം പുറത്ത് വരുന്നത്.