Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരുവനന്തപുരത്ത് മൃതദേഹം വിട്ടുനല്‍കാത്ത സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെ നടപടി. ദുരന്തനിവാരണ നിയമത്തിലെ 26, 30, 24 വകുപ്പുകള്‍ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചതായി കളക്ടര്‍ നവജ്യോത് ഖോസ വ്യക്തമാക്കി. ബില്ല് നല്‍കാത്തതിനാല്‍ സ്വകാര്യ ആശുപത്രി മൃതദേഹം വിട്ടുനല്‍കാതിരുന്ന സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇത്തരം പ്രവൃത്തികൾ മനുഷ്യത്വരഹിതമായ അനീതിയാണ്. സ്വകാര്യ ആശുപത്രികൾ ചുമത്തുന്ന ബിൽ താങ്ങാനാവില്ല. രോഗിയുടെ അവസ്ഥയെക്കുറിച്ചും ചികിത്സാ ചെലവുകളെക്കുറിച്ചും ബോധ്യപ്പെടുത്തേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്തമാണെന്നും കളക്ടർ വ്യക്തമാക്കി.

അതേസമയം, നാലര ലക്ഷത്തോളം രൂപ അടയ്ക്കാത്തതിന്റെ പേരില്‍ മൃതദേഹം തടഞ്ഞുവച്ച കാട്ടാക്കട നെയ്യാര്‍ മെഡിസിറ്റി ആശുപത്രിക്ക് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. കൊവിഡ് ചികിത്സയ്ക്കിടെ മരിച്ച 46-കാരന്റെ മൃതദേഹം വിട്ടുകൊടുക്കണമെങ്കില്‍ 4,44,808 രൂപയുടെ ബില്ല് പൂര്‍ണമായി അടയ്ക്കണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ ആവശ്യം.

നേരത്തെ ജില്ലയിലെ ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ മറവ് ചെയ്യാന്‍ തിരക്ക് കൂടുന്നതായും റിപ്പോര്‍ട്ട് വന്നിരുന്നു. ഒരു ദിവസം ശ്മശാനത്തില്‍ സംസ്‌കരിക്കാനാകുന്നതിലും അധികം മൃതദേഹങ്ങളാണ് എത്തിയിരുന്നത്. ബുക്കിംഗുകള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു.

By Divya