Mon. Dec 23rd, 2024
എറണാകുളം:

കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ അമിത നിരയ്ക്ക് ഈടാക്കുന്നതിനെതിരായ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്വകാര്യ ആശുപത്രികൾക്കെതിരായ ഹർജിയിൽ പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതി വാദം കേൾക്കുക.

ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക. സ്വകാര്യ ആശുപത്രിയിലെ ചികിത്സാനിരക്ക് കുറയ്ക്കാൻ സ്വീകരിക്കുന്ന നടപടികൾ അറിയിക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിൽ അൻപത് ശതമാനം കിടക്കകൾ ഏറ്റെടുക്കുന്നത് ആലോചിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലുള്ള നിലപാടും സർക്കാർ ഇന്ന് കോടതിയെ അറിയിക്കും.

കൊവിഡ് ചികിത്സാനിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് മൂന്നു ദിവസത്തിനകം നിലപാടെടുക്കണമെന്നാണ് നേരത്തെ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. ചികിത്സാനിരക്കുമായി ബന്ധപ്പെട്ട് സർക്കാരുമായി ധാരണയിലെത്തിയ ആശുപത്രികളുടെ പട്ടികയും നിരക്കും ഇന്നു പ്രസിദ്ധപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലുള്ള തീരുമാനം സർക്കാർ ഇന്ന് കോടതിയെ അറിയിച്ചേക്കും.

സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പിപിഇ കിറ്റ് അടക്കമുള്ളവ രോഗികളെക്കൊണ്ട് ആശുപത്രികൾ വാങ്ങിപ്പിക്കുന്നു.

ആയിരത്തിലേറെ രൂപയാണ് ഇതിന് ഈടാക്കുന്നത്. ചില സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ ബില്ലുകൾ വായിച്ചായിരുന്നു കഴിഞ്ഞ ദിവസം കോടതിയുടെ വിമർശനം. കൊവിഡ് അസാധാരണ സാഹചര്യമാണ് ഉണ്ടാക്കിയതെന്നും ഇത്തരം സമയത്ത് ലാഭം നോക്കാതെയുള്ള നടപടി വേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

എവിടെയൊക്കെയാണ് ഓക്‌സിജൻ കിടക്കകളും മറ്റ് സൗകര്യങ്ങളുമുള്ളതെന്ന് ജനങ്ങൾക്ക് അറിയില്ല. ഇത് അറിയിക്കാൻ ടോൾഫ്രീ നമ്പർ വേണമെന്ന് കോടതി സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കൊവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ പൂട്ടിക്കിടക്കുന്ന ആശുപത്രികൾ ഏറ്റെടുക്കാനും നിർദ്ദേശമുണ്ട്.

By Divya