ന്യൂഡല്‍ഹി:
വാക്‌സിന്‍ വിലയില്‍ ഇടപെടരുതെന്ന് സുപ്രീംകോടതിയോട് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം.
വാക്‌സിന്‍ വിതരണത്തില്‍ തുല്യത ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരു വിലയിലാണ് വാക്‌സിന്‍ നല്‍കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
നേരത്തെ കേന്ദ്രത്തിന്റെ വാക്സിന്‍ നയത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. വാക്സിന്‍ പൊതുമുതലാണെന്നും കൊവിഡ് വാക്സിന് എന്തിനാണ് രണ്ടുവില നിശ്ചയിക്കുന്നതെന്നും സുപ്രീംകോടതി ചോദിച്ചു.
മുഴുവന്‍ വാക്സിനും എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യുന്നില്ലെന്നും കോടതി ചോദിച്ചു. വാക്സിന്‍ ഉത്പാദിപ്പിക്കുന്നതിന് കമ്പനികള്‍ക്ക് നല്‍കിയ പണം പൊതുഫണ്ടാണ്. അങ്ങനെ ഒരു സാഹചര്യത്തില്‍ വാക്സിന്‍ പൊതു ഉല്പന്നമാണ്,’ കോടതി നിരീക്ഷിച്ചു.
വാക്സിന്‍ നിര്‍മാണത്തിലും വിതരണത്തിലുമുള്ള പേറ്റന്റ് അധികാരത്തെയും സുപ്രീംകോടതി ചോദ്യം ചെയ്തു. പേറ്റന്റ് അനുമതിയില്ലാതെ വാക്സിന്‍ വിതരണം പരിഗണിക്കാത്തത് എന്തു കൊണ്ടാണെന്നും കോടതി ചോദിച്ചു.
കൊവിഡ് മുന്നണിപോരാളികള്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കും നിങ്ങള്‍ 50 ശതമാനം വാക്സിന്‍ സൗജന്യമായി നല്‍കുന്നു. ബാക്കിയുള്ള 50 ശതമാനത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണ്. 59.46 ശതമാനം ഇന്ത്യക്കാര്‍ 45 വയസിന് താഴെയുള്ളവരാണ്. അവരില്‍ തന്നെ പലരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ദരിദ്രരുമാണ്. എവിടെ നിന്നാണ് അവര്‍ വാക്സിന്‍ വാങ്ങിക്കാന്‍ പണം കണ്ടെത്തുക?, കോടതി ചോദിച്ചു.