Mon. Dec 23rd, 2024
പശ്ചിമബംഗാൾ:

പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറിയും ഡിജിപിയും ഗവര്‍ണര്‍ ജഗ്ദീപ് ദാന്‍കറെ കണ്ടു. ബംഗാളില്‍ നടക്കുന്ന അക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഒന്നും കൈമാറിയില്ല. ഇതില്‍ ഗവര്‍ണര്‍ അതൃപ്തി അറിയിച്ചു. ചീഫ് സെക്രട്ടറിയും ഡിജിപിയും വലിയ വീഴ്ച കാട്ടുന്നതായി ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണറെ കാണില്ലെന്ന നിലപാട് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി തിരുത്തിയിരുന്നു. ഇന്ന് വൈകീട്ടായിരുന്നു കൂടിക്കാഴ്ച. ഗവര്‍ണര്‍ നിലപാട് കടുപ്പിച്ചതോടെയാണ് ചീഫ് സെക്രട്ടറിയുടെ നിലപാട് മാറ്റം. പശ്ചിമ ബംഗാള്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഗവര്‍ണറെ കാണാന്‍ നേരത്തെ ചീഫ് സെക്രട്ടറി വിസമ്മതിച്ചിരുന്നു.

നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ചീഫ് സെക്രട്ടറിയും ഡിജിപിയെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കൊവിഡ് കാരണം പോകാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് ഗവര്‍ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എന്നാല്‍ ഹൈക്കോടതി വിഷയം പരിഗണിക്കുന്നതിനാല്‍ കാണാന്‍ സാധിക്കില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം അവസാനിച്ചിട്ടില്ല. ബംഗാളില്‍ മൂന്നാം തവണയും മമത സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയുള്ള കേന്ദ്രത്തിന്റെ നടപടി. സംഘര്‍ഷത്തെ കുറിച്ച് ഗവര്‍ണറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചായിരിക്കും കേന്ദ്രസംഘം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് കൈമാറുക.

By Divya