Fri. Nov 22nd, 2024
ചെന്നൈ:

16മത് തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 11ന് ആരംഭിക്കും. ആദ്യ ദിവസം പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും. മേയ് 12ന് പുതിയ നിയമസഭ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കും.

വെള്ളിയാഴ്ചയാണ് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ നയിക്കുന്ന ഡി എം കെ സഖ്യ സർക്കാർ അധികാരമേറ്റത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ 33 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നു. സത്യപ്രതിജ്ഞക്ക് പിന്നാലെ എം കെ സ്റ്റാലിൻ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന് തുടക്കം കുറിച്ച് ഉത്തരവുകളിൽ ഒപ്പുവെച്ചു.

കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ അർഹരായ കുടുംബങ്ങൾക്ക് 4000 രൂപ നൽകുന്നതാണ് മുഖ്യമന്ത്രി ഒപ്പുവെച്ച പ്രധാന ഉത്തരവ്. ആദ്യ ഗഡുവായി 2000 രൂപ ഈ മാസം നൽകും. സ്ത്രീകൾക്ക് സർക്കാർ ബസിൽ സൗജന്യ യാത്ര, ആരോഗ്യ ഇൻഷുറൻസ് പദ്ധതി കാർഡുള്ളവരുടെ സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ചികിത്സാ ചെലവ് സർക്കാർ വഹിക്കൽ, സർക്കാർ ഉടമസ്ഥതയിലുള്ള ആവിൻ പാലിന് മൂന്നു രൂപ കുറക്കൽ തുടങ്ങിയവയാണ് ഒപ്പുവെച്ച മറ്റ് ഉത്തരവുകൾ.

By Divya