Wed. Jan 22nd, 2025
കൊച്ചി:

മുസ്‌ലിം ലീഗിനെ രൂക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചും റിട്ടയേര്‍ഡ് ജഡ്ജി കെമാല്‍ പാഷ. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ലീഗിനെ ചുമന്നുനടന്ന് കോണ്‍ഗ്രസ് അധഃപതിച്ചെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ലീഗ് ഒരു ബാധ്യതയാണെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു. കത്വയിലെ പെണ്‍കുട്ടിയുടെ പേരില്‍ പണം പിരിച്ച് ലീഗ് അഴിമതി നടത്തിയെന്നും കെമാല്‍ പാഷ ആരോപിച്ചു.

” അഴിമതികള്‍ എന്തുമാത്രമാണ്. മരിച്ചുപോയ ഒരു പെണ്‍കുട്ടിയുടെ പേരില്‍ പണം പിരിക്കുകയാണ്. കോടിക്കണക്കിന് രൂപ പിരിച്ചു. അതിനെക്കുറിച്ച് കണക്കുമില്ല ഒന്നുമില്ല, അവിടെ ആര്‍ക്കും കൊടുത്തിട്ടുമില്ല,”പാഷ പറഞ്ഞു. മുസ്‌ലിം ലീഗ് മുസ്ലിങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും പാഷ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പരാമര്‍ശം.

അതേസമയം, തുടര്‍ഭരണം കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണെന്നും അങ്ങനെ ഒരു ഭരണം കൊണ്ടുവന്നു എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിവെന്നും കെമാല്‍ പാഷ പറഞ്ഞു. ഭരണത്തുടര്‍ച്ച ഉണ്ടാവില്ലെന്നാണ് താന്‍ വിശ്വസിച്ചിരുന്നതെന്നും കാരണം പ്രതിപക്ഷം ഇതേപോലെ കുത്തഴിഞ്ഞതാണെന്ന ധാരണ തനിക്ക് ഉണ്ടായിരുന്നില്ലെന്നും കെമാല്‍ പാഷ പറഞ്ഞു.

പിണറായി കുറേ പാഠങ്ങള്‍ പഠിച്ചിട്ടുണ്ടെന്നും ഉപദേശികള്‍ പിണറായിയെ തെറ്റായ വഴിക്ക് നയിച്ച് ഒരുപാട് ചൂടുവെള്ളത്തില്‍ ചാടിച്ചെന്നും അത് തിരിച്ചറിഞ്ഞ് മാറ്റി ‘വിവരംകെട്ട ഉപദേശികളെ’ എടുത്തു കളഞ്ഞ് പിണറായി വിജയന്‍ സ്വന്തമായി ഭരിച്ചാല്‍ നന്നായിരിക്കുമെന്നും പാഷ പറയുന്നു.

By Divya