Wed. Apr 24th, 2024
ദുബൈ:

മികവ് പുലര്‍ത്തുന്ന കമ്പനികളിലെ തൊഴിലാളികള്‍ക്ക് എക്‌സലന്‍സ് കാര്‍ഡുകള്‍ നല്‍കാന്‍ ദുബൈ. ദുബൈയിലെ സര്‍ക്കാര്‍ ഏജന്‍സികള്‍, മാളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയിലുള്‍പ്പെടെ എക്‌സലന്‍സ് കാര്‍ഡുകള്‍ വഴി ഇളവുകളും ആനുകൂല്യങ്ങളും ലഭിക്കും.

2020ലെ തഖ്ദീര്‍ അവാര്‍ഡില്‍ നാല്, അഞ്ച് സ്റ്റാറുകള്‍ നേടി മികവ് പുലര്‍ത്തിയ 15 കമ്പനികളിലെ തൊഴിലാളികള്‍ക്കാണ് പ്രാരംഭ ഘട്ടത്തില്‍ എക്‌സലന്‍സ് കാര്‍ഡ് ലഭിക്കുക. ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പദ്ധതി നടപ്പിലാക്കുക.

റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ), ദുബൈ വൈദ്യുതി, ജല അതോറിറ്റി, ദുബൈ മുന്‍സിപ്പാലിറ്റി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് എന്നീ നാല് സര്‍ക്കാര്‍ വകുപ്പുകളിലായി 35 ഇന്‍സെന്റീവുകളാണ് ലഭിക്കുക.

രണ്ട് തരം കാര്‍ഡുകളാണ് ഉണ്ടാകുക. നാല്, അഞ്ച് സ്റ്റാര്‍ റേറ്റിങ് നേടിയവര്‍ക്കാണ് ഒന്നാമത്തെ ഗോള്‍ഡ് കാര്‍ഡ് ലഭിക്കുന്നത്. ഇവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാകും. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലുള്‍പ്പെടെ 25 ശതമാനം മുതല്‍ 50 ശതമാനം വരെ ഇളവുകള്‍ ഈ കാര്‍ഡ് ഉപയോഗിച്ച് സ്വന്തമാക്കാം.

രണ്ടാമത്തെ ബ്ലൂ കാര്‍ഡ് ഉപയോഗിച്ച് തൊഴിലാളികള്‍ക്ക് തങ്ങളുടെ താമസസ്ഥലത്തിന് അടുത്തുള്ള മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും പര്‍ചേസ് ചെയ്യുമ്പോള്‍ വിലക്കിഴിവുകള്‍ നേടാം. മേയ് 17ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ റാഷിദ് ഹാളില്‍ സംഘടിപ്പിക്കുന്ന തഖ്ദീര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ എക്‌സലന്‍സ് കാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതാണ്.

By Divya