Mon. Dec 23rd, 2024
ന്യൂദല്‍ഹി:

ഇന്ത്യയില്‍ കൊവിഡ് മൂലം സാക്ഷ്യം വഹിച്ചേക്കാവുന്ന മഹാദുരന്തത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മോദി സര്‍ക്കാരിനാകുമെന്ന് അന്താരാഷ്ട്ര മെഡിക്കല്‍ ജേര്‍ണലായ ദി ലാന്‍സെറ്റ്. തങ്ങളുടെ ഏറ്റവും പുതിയ ലക്കത്തിലെ എഡിറ്റോറിയലിലാണ് കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തിന്റ വീഴ്ചകള്‍ ലാന്‍സെറ്റ് ചൂണ്ടിക്കാണിക്കുന്നത്.

ഓഗസ്റ്റ് ഒന്നിനകം ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ 10 ലക്ഷം കടക്കുമെന്നാണ് പഠനം പറയുന്നത്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ സ്വയം വരുത്തിവെച്ച മഹാദുരന്തത്തിന് മോദി സര്‍ക്കാരിനായിരിക്കും പൂര്‍ണ ഉത്തരവാദിത്തമെന്നും ലാന്‍സെറ്റ് കുറ്റപ്പെടുത്തി.

കൊവിഡിന്റെ തീവ്രവ്യാപനം ഉണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ അവഗണിക്കുന്ന രീതിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തിച്ചതെന്നും ലാന്‍സെറ്റ് പറയുന്നു. സര്‍ക്കാരിന്റെ കൊവിഡ് ടാസ്‌ക് ഫോഴ്‌സ് മാസങ്ങളോളം കൂടിയിട്ടില്ലെന്നും ലാന്‍സെറ്റ് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

കൊവിഡിനെ പ്രതിരോധിക്കേണ്ട സമയത്ത് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ ഇല്ലാതാക്കാനാണ് മോദി ശ്രമിച്ചതെന്നും ലാന്‍സെറ്റ് പറയുന്നു. ഇത് അംഗീകരിക്കാനാകില്ലെന്നും എഡിറ്റോറിയലില്‍ പറയുന്നു.

വൈറസിന്റെ രണ്ടാം തരംഗമുണ്ടാകുമെന്നും ജനിതകമാറ്റങ്ങളുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുകളെ കേന്ദ്രം അവഗണിച്ചു. രോഗികളുടെ എണ്ണത്തില്‍ ചെറിയ കുറവ് രേഖപ്പെടുത്തിയപ്പോഴേക്ക് രാജ്യം കൊവിഡിനെ പിടിച്ചുകെട്ടി എന്ന് അവകാശപ്പെട്ട് ആരോഗ്യമന്ത്രി രംഗത്തെത്തിയെന്നും ജേര്‍ണലില്‍ പറയുന്നു.

‘രാഷ്ട്രീയമായ ഒത്തുചേരലുകള്‍ക്കും മതപരമായ ആഘോഷങ്ങള്‍ക്കും സര്‍ക്കാര്‍ യഥേഷ്ടം അനുമതി നല്‍കി. കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങാന്‍ വൈകി. തുടങ്ങിയ ശേഷവും വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തിയില്ല’, ജേര്‍ണലില്‍ പറയുന്നു.

വാക്‌സിന്‍ നയത്തില്‍ സര്‍വ്വത്ര ആശയക്കുഴപ്പമുണ്ടാക്കാനാണ് സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ ഉപകരിച്ചതെന്നും ദി ലാന്‍സെറ്റ് കുറ്റപ്പെടുത്തി. വാക്‌സിനേഷന്‍ എത്രയും വേഗത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കണമെന്നും കൃത്യമായ വിവരങ്ങള്‍ പങ്കുവെക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ലാന്‍സെറ്റ് ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ആധികാരിക മെഡിക്കല്‍ ജേണലുകളിലൊന്നാണ് ബ്രിട്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ലാന്‍സെറ്റ്.

By Divya