Sun. Dec 22nd, 2024
കൊച്ചി:

കൊവിഡ് ചികിത്സയ്ക്ക് കഴുത്തറപ്പൻ ഫീസ് ഇടാക്കിയ സ്വകാര്യ ആശുപത്രിക്കെതിരെ പരാതികളുമായി രോഗികൾ രംഗത്ത്. ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിക്കെതിരെയാണ് പരാതി ഉയരുന്നത്. തൃശ്ശൂർ സ്വദേശിയായ രോഗിയിൽ നിന്ന് പിപിഇ കിറ്റിന് അഞ്ച് ദിവസത്തേക്ക് 37, 352 രൂപയാണ് ആശുപത്രി ഈടാക്കിയത്. പത്ത് ദിവസം കിടന്ന ആൻസൻ എന്ന രോഗിയ്ക്ക് നൽകേണ്ടിവന്നത് 44,000 രൂപ.

ഹൈക്കോടതി നിർദ്ദേശങ്ങൾ പാലിക്കാതെ സ്വകാര്യ ആശുപത്രികളുടെ കൊള്ള തുടരുകയാണ്. പത്ത് ദിവസം കിടന്ന ആൻസന് 1,67, 381 രൂപയാണ് ബില്ല് വന്നത്. രോഗികൾ പൊലീസിനും ഡിഎംഒയ്ക്കും പരാതികൾ നൽകി.

അഞ്ച് ദിവസം ആശുപത്രിയില്‍ ചികിത്സയില്‍ കിടന്ന തൃശ്ശൂർ സ്വദേശിയായ മറ്റൊരു കൊവിഡ് രോഗിയിൽ നിന്ന് ഈടാക്കിയത് 67, 880 രൂപയാണ്. ഇതില്‍ 37,572 പിപിഇ കിറ്റിന് മാത്രമാണ് ഈടാക്കിയിരിക്കുന്നത്.

സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിപിഇ കിറ്റിന് പലയിടത്തും ആയിരക്കണക്കിന് രൂപ ഈടാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പല ആശുപത്രികളും അമിത ഫീസ് ഈടാക്കുന്നെന്ന് വ്യാപക പരാതിയുണ്ടെന്നും കൊള്ളലാഭം അനുവദിക്കില്ലെന്നുമാണ് കോടതി നിലപാട്.

By Divya