ബീജിങ്:
ചൈനയുടെ കൊവിഡ് വാക്സിനായ സിനോഫോമിൻറെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ലോകാരോഗ്യ സംഘടന. വാക്സിൻറെ രണ്ട് ഡോസുകൾ നൽകാനാണ് അനുമതി. ഇതോടെ ലോകാരോഗ്യ സംഘടന അനുമതി നൽകുന്ന ആറാമത്തെ കൊവിഡ് വാക്സിനായി സിനോഫോം മാറി.
നേരത്തെ ഫൈസർ, മോഡേണ, ജോൺസൺ & ജോൺസൺ, ആസ്ട്ര സെനിക്ക തുടങ്ങിയ വാക്സിനുകൾക്ക് ലോകാരോഗ്യ സംഘടന അനുമതി നൽകിയിരുന്നു. ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യുട്ട് ഉൽപാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സിനും പ്രത്യേകമായി അനുമതി നൽകിയിരുന്നു.
18 വയസിന് മുകളിലുള്ളവർക്ക് രണ്ട് ഡോസ് സിനോഫോം വാക്സിനാണ് നൽകുക. വാക്സിൻറെ കാര്യക്ഷമതയെ കുറിച്ച് സംഘടന പഠനം നടത്തിയിരുന്നു. ലോകാരോഗ്യ സംഘടന അനുമതി നൽകുന്നതിന് മുമ്പ് തന്നെ നിരവധി രാജ്യങ്ങൾ സിനോഫോം വാക്സിൻ ഉപയോഗിക്കുന്നുണ്ട്.
അതേസമയം, വാക്സിനുകളുടെ പേറ്റൻറ് ഒഴിവാക്കണമെന്ന ആവശ്യം ആഗോളതലത്തിൽ കൂടുതൽ ശക്തിയാർജിക്കുകയാണ്.