Sat. Jan 18th, 2025
ന്യൂഡല്‍ഹി:

രാജ്യതലസ്ഥാനത്തെ ഓക്‌സിജൻ പ്രതിസന്ധി അവസാനിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാൻ മൂന്ന് മാസത്തിനുള്ളിൽ ഡൽഹിയിലെ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്‌സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

‘ഡൽഹിയിൽ ഇപ്പോൾ ഓക്‌സിജൻ ക്ഷാമമില്ല. ആവശ്യത്തിന് ഓക്‌സിജൻ ബെഡുകളും തയാറാണ്’. മന്ത്രിസഭാ യോഗത്തിന് ശേഷം കെജരിവാൾ പറഞ്ഞു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യ മന്ത്രി, ആരോഗ്യ വകുപ്പ് സെക്രട്ടറി, ജില്ലാ മജിസ്‌ട്രേറ്റുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ സംവിധാനങ്ങൾ ഉറപ്പുവരുത്താൻ സന്ദർശനം നടത്തണമെന്ന് മുഖ്യമന്ത്രി ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് നിർദ്ദേശം നൽകി. ഡൽഹിയിലെ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തകർക്ക് സർക്കാർ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുമെന്നും ഇതിന്റെ ചിലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് രണ്ടാം തരംഗത്തിൽ 15 ലക്ഷത്തോളം ആളുകൾക്കാണ് ഡൽഹിയിൽ രണ്ടാഴ്ചക്കിടെ രോഗം ബാധിച്ചത്. ഇതോടെ ഓക്‌സിജൻ ക്ഷാമം രൂക്ഷമാകുകയായിരുന്നു. കഴിഞ്ഞ ദിവസം 19,832 കേസുകളും 341 മരണങ്ങളുമാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്.

By Divya