Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

രാജ്യത്ത് കൊവിഡ് വ്യാപനം കൂടുതൽ തീവ്രമാകുമെന്ന് മുന്നറിയിപ്പ്. വൈറസിൻ്റെ ഇന്ത്യൻ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകർ പറയുന്നു. വ്യാപന തീവ്രതയും, പ്രഹര ശേഷിയും മാതൃവകഭേദത്തേക്കാൾ കൂടുതലായിരിക്കുമെന്നും ഗവേഷകർ പറയുന്നു.

B. 1. 617 വകഭേദത്തിനാണ് ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത്. B. 1.617.1, B. 1.617. 2, B.1.617.3 എന്നിങ്ങനെ ഉപവകഭേദങ്ങളുണ്ടായതായി ഐജി ഐബി അറിയിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്നും നാല് ലക്ഷത്തിന് മുകളിൽ തന്നെയാണ്.

24 മണിക്കൂറിനിടെ 4,01,522 പേർ പുതിയ രോഗികൾ എന്നാണ് സംസ്ഥാനങ്ങൾ നൽകുന്ന കണക്ക്. ഈ സമയത്തിനുള്ളിൽ 4187 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്. തുടർച്ചയായി മൂന്നാം ദിവസമാണ് കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷത്തിനു മുകളിൽ എത്തിയിരിക്കുന്നത്.

അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പതിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടലിലാണ്. കേരളത്തിനു പുറമേ ദില്ലി, ഹരിയാന ,ബിഹാർ , യുപി, ഒഡീഷ , രാജസ്ഥാൻ, കർണാടക, ഝാർഖണ്ഡ് , ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമേ പത്തോളം സംസ്ഥാനങ്ങളിൽ രാത്രികാല, വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്.

By Divya