തിരുവനന്തപുരം:
പാർട്ടിയിൽ പൂർണ ഐക്യം നിലനിർത്തി എല്ലാ തലങ്ങളിലും മാറ്റം വരുത്താൻ കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി തീരുമാനിച്ചു. തോൽവിയുടെ പേരിൽ ആരെയും ഒറ്റപ്പെടുത്തിയും കുറ്റപ്പെടുത്തിയും പുറന്തള്ളാൻ പാടില്ലെന്ന പൊതുവികാരം യോഗത്തിലുണ്ടായി. കോൺഗ്രസിൽ വിശ്വാസം അർപ്പിക്കുന്ന ജനങ്ങളുടെയും പ്രവർത്തകരുടെയും ആത്മവീര്യം ഉയർത്താൻ സാധിക്കുന്ന പൊളിച്ചെഴുത്ത് ഹൈക്കമാൻഡിന്റെ പിന്തുണയോടെ നടപ്പാക്കാനാണു ധാരണ.
ഒരു ഗുണവും ചെയ്യാത്ത ജംബോ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാൻ ധാരണയായി. ഒരു അസംബ്ലി മണ്ഡലത്തിലെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഒരു കമ്മിറ്റി എന്ന പഴയ സംവിധാനം തിരിച്ചുകൊണ്ടുവരും. നിലവിൽ ഒരു നിയോജക മണ്ഡലത്തിൽ 2 ബ്ലോക്ക് കമ്മിറ്റികളുണ്ട്.
മത്സരിച്ച എല്ലാ സ്ഥാനാർഥികളിൽനിന്നും അഭിപ്രായങ്ങൾ എഴുതി വാങ്ങും. ഡിസിസികളിൽനിന്നും റിപ്പോർട്ട് ശേഖരിക്കും. രാഷ്ട്രീയകാര്യസമിതി അംഗങ്ങളോടു കൂടുതൽ നിർദേശങ്ങൾ എഴുതി നൽകാനും ആവശ്യപ്പെട്ടു. 18, 19 തീയതികളിൽ രാഷ്ട്രീയകാര്യസമിതി വീണ്ടും ചേർന്നു സംഘടനാതല മാറ്റം സംബന്ധിച്ച തീരുമാനമെടുക്കും.
ഇതിനിടയിൽ, ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരായ മുൻ ലോക്സഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ, പുതുച്ചേരി മുൻമുഖ്യമന്ത്രി വി വൈദ്യലിംഗം എന്നിവർ കേരളത്തിലെത്തും. ഇവർ പാർട്ടി, നിയമസഭാ കക്ഷി നേതാക്കളുമായി ചർച്ച നടത്തി നൽകുന്ന റിപ്പോർട്ടുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും നേതൃതല മാറ്റങ്ങൾ.