Wed. Nov 6th, 2024
ബെർലിൻ:

കൊവിഡ്​ വാക്​സി​ൻറെ പേറ്റൻറ്​ ഒഴിവാക്കാനുള്ള നീക്കത്തെ പിന്തുണക്കാതെ ജർമ്മനി. ബൗദ്ധിക സ്വത്തവകാശം നേരത്തെയുള്ള പോലെ തന്നെ സംരക്ഷിക്കപ്പെടുമെന്നും ജർമ്മനി വ്യക്​തമാക്കി. വാക്​സിൻ പേറ്റൻറ്​ ഒഴിവാക്കാനുള്ള നിർദ്ദേശത്തിൽ യുറോപ്യൻ യുണിയനും ചർച്ച തുടങ്ങിയിരുന്നു. ചില അംഗരാജ്യങ്ങൾ ഇതിന്​ അനുകൂലമായി നിലപാട്​ എടുക്കുകയും ചെയ്​തിരുന്നു. എന്നാൽ, ഇതിന്​ വിരുദ്ധമായ നിലപാടാണ്​ ജർമ്മനി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്​.

പേറ്റൻറ്​ ഒഴിവാക്കുന്നത്​ ദരിദ്ര രാജ്യങ്ങൾക്ക്​ വാക്​സിൻ ലഭിക്കുന്നതിന്​ സഹായിക്കുമെന്നാണ്​ ഉയരുന്ന പ്രധാനവാദം. എന്നാൽ, മരുന്ന്​ നിർമാതാക്കളും പേറ്റൻറ്​ ഒഴിവാക്കുന്നതിനെ എതിർക്കുന്നവരും ഇത്​ ആഗ്രഹിച്ച ഫലമുണ്ടാക്കില്ലെന്നാണ്​ അഭിപ്രായപ്പെടുന്നത്​.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും ചേർന്നാണ്​ വാക്​സിനുകളുടെ പേറ്റൻറ്​ ഒഴിവാക്കണമെന്ന ആവശ്യം ലോക വ്യാപാര സംഘടനയിൽ ഉന്നയിച്ചത്​. എന്നാൽ, യുഎസ്​, യുകെ തുടങ്ങിയ രാജ്യങ്ങൾ ഇതിനെ ശക്​തമായി എതിർത്തു. പിന്നീട്​ യു എസിൽ ഭരണമാറ്റം ഉണ്ടാവുകയും പ്രസിഡൻറായി ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെടുകയും ചെയ്​ത​തോടെ കഴിഞ്ഞ ദിവസം ​ ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും നീക്കത്തിന്​ പിന്തുണ നൽകുമെന്ന്​ യു എസ്​ അറിയിച്ചിരുന്നു.

By Divya