Fri. Dec 27th, 2024
ന്യൂഡൽഹി:

രാജ്യത്ത് കൊവിഡ് മൂന്നാംതരംഗം ഉറപ്പാണെന്ന് കേന്ദ്രം. അത് നേരിടാന്‍ സജ്ജമായിരിക്കണമെന്നും കേന്ദ്രത്തിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് വ്യക്തമാക്കി. രൂക്ഷമായ രണ്ടാം തരംഗം തുടരുന്നതിനിടെയാണ് മൂന്നാംതരംഗവുണ്ടാകുമെന്ന് കേന്ദ്രം സൂചിപ്പിക്കുന്നത്. എന്നാല്‍, അത് എപ്പോള്‍ വീശുമെന്ന് ഇപ്പോള്‍ പറയാനാവില്ല. ഏതായാലും നേരിടാന്‍ സജ്ജമായിരിക്കണമെന്ന് കേന്ദ്രത്തിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് കെ വിജയരാഘവന്‍ പറഞ്ഞു.

കേരളത്തില്‍ അതിതീവ്രവ്യാപനമാണെന്നും ആറു ജില്ലകളില്‍ വ്യാപനം രൂക്ഷമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ 3,780 മരണം. ഒരുദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. 24 മണിക്കൂറിനിടെ 3.82 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു.

മഹാരാഷ്ട്ര, കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. ഏഴു സംസ്ഥാനങ്ങളില്‍ 50000നും ഒരു ലക്ഷത്തിനുമിടയില്‍ രോഗികള്‍ ചികില്‍സയിലുണ്ട്. കേരളത്തില്‍ അതിതീവ്രവ്യാപനമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോഴിക്കോട്, എറണാകുളം, തൃശൂര്‍, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ രോഗവ്യാപനം രൂക്ഷമാണ്.

പാലക്കാട്, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ സ്ഥിതി അശങ്കാജനകമാണെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, ചെറിയ ഇടവേളയ്‍ക്ക് ശേഷമാണ് രാജ്യത്ത് പ്രതിദിന മരണസംഖ്യ കുത്തനെ ഉയര്‍ന്നത്. 24 മണിക്കൂറിനിടെ 3780 പേര്‍ മരിച്ചതോടെ ആകെ മരണം 2,26,188  ആയി ഉയര്‍ന്നു. 3,82,315 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 3,38,439 പേര്‍ക്ക് രോഗം ഭേദമായി. ചികില്‍സയിലുള്ളവരുടെ എണ്ണം 34,87,229  ആയി ഉയര്‍ന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 24.8 ശതമാനത്തിലെത്തി നില്‍ക്കുകയാണ്.

By Divya