Sat. Nov 23rd, 2024
കൊല്‍ക്കത്ത:

തിരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമ ബംഗാളിലുണ്ടായ അക്രമത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബിജെപി നുണപ്രചരണം നടത്തുന്നുവെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയുള്ള വാര്‍ത്തകളുടെ സത്യാവസ്ഥ തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പോസ്റ്റ് ചെയ്തായിരുന്നു മഹുവയുടെ വിമര്‍ശനം.

‘കൊവിഡിനെ പിടിച്ചുകെട്ടാനുള്ള ശ്രമത്തിലാണ് ഞങ്ങളിപ്പോള്‍. ഈ സമയത്ത് നിങ്ങളുടെ നുണകള്‍ക്ക് വിശദീകരണം നല്‍കാന്‍ സമയമില്ല. തല്‍ക്കാലം ഈ ഫാക്ട് ചെക്കുകള്‍ സ്വീകരിച്ചാലും’, മഹുവ ട്വിറ്ററിലെഴുതി. പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് മഹുവയുടെ ട്വീറ്റ്. ബംഗാളില്‍ വലിയ പ്രചരണം നടത്തിയെങ്കിലും ബിജെപിയ്ക്ക് ജയിക്കാനായിരുന്നില്ല.

നേരത്തെ ബംഗാളിലെ അക്രമങ്ങളെ അപലപിച്ച് നടിമാരായ സ്വര ഭാസ്‌കറും പാര്‍വതി തിരുവോത്തും രംഗത്തെത്തിയിരുന്നു.

‘ബംഗാളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? അധികാരത്തിനൊപ്പം എത്തുന്ന ആ ഉത്തരവാദിത്തം എവിടെ? മനുഷ്യത്വരഹിതമായ അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് നീതി ലഭ്യമാക്കുക സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്’, പാര്‍വ്വതി ട്വീറ്റ് ചെയ്തു. മമത ബാനര്‍ജിയുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഒഫിഷ്യല്‍ അക്കൗണ്ടുകള്‍ ടാഗ് ചെയ്തുകൊണ്ടായിരുന്നു പാര്‍വതിയുടെ ട്വീറ്റ്.

‘ബംഗാളില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഇത് അപരിഷ്‌കൃതവും സുബോധമില്ലാത്ത പ്രവര്‍ത്തിയുമാണ്. ഇത് തടഞ്ഞേ മതിയാവൂ. മമതാ ബാനര്‍ജി, മുഴുവന്‍ രാഷ്ട്രീയ അതിക്രമങ്ങളും തടയൂ. ഒരു അന്വേഷണം പ്രഖ്യാപിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരൂ. അവര്‍ നിങ്ങളുടെ പാര്‍ട്ടിക്കാരാണെങ്കിലും’, എന്നാണ് സ്വര ഭാസ്‌കറിന്റെ ട്വീറ്റ്.

ബംഗാളിലെ അക്രമങ്ങളില്‍ 11 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രധാനമന്ത്രി ഗവര്‍ണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

By Divya