Sun. Jan 19th, 2025
തിരുവനന്തപുരം:

കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ  ലോഡ്ജ്, ഹോസ്റ്റലുകൾ എന്നിവ പ്രാഥമിക ചികിത്സയ്ക്കുള്ള സിഎഫ്എൽടിസികളാക്കി മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മെഡിക്കൽ കൗൺസിൽ അടക്കമുള്ളവയിൽ റജിസ്റ്റർ ചെയ്യാൻ കാത്തുനിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് താൽക്കാലിക റജിസ്ട്രേഷൻ നൽകാൻ നിർദേശം നൽകി.

കെഎംഎസ്‌സിഎൽ, കൺസ്യൂമർഫെഡ്, സപ്ലൈകോ തുടങ്ങിയ സർക്കാർ ഏജൻസികൾക്ക് പുറമേ സ്വകാര്യ ഏജൻസികൾ, എൻജിഒകൾ, രാഷ്ട്രീയ പാർട്ടികൾ, വിദേശത്ത് റജിസ്റ്റർ ചെയ്ത മലയാളി അസോസിയേഷനുകൾ എന്നിവയ്ക്കും അംഗീകൃത റിലീഫ് ഏജൻസികളായി പ്രവർത്തിക്കാൻ അനുമതി നൽകും.

ഇവർക്കു ദുരിതാശ്വാസ സഹായങ്ങൾ നേരിട്ടോ, സർക്കാർ ഏജൻസികൾ മുഖേനയോ, റവന്യൂ/ആരോഗ്യ വകുപ്പുകൾ മുഖേനയോ വിതരണം ചെയ്യാം. സംസ്ഥാന സർക്കാർ ഓർഡർ നൽകിയ വാക്സീൻ ലഭിക്കുന്നത് അനുസരിച്ചാവും 18–45 പ്രായപരിധിയിലുള്ളവർക്കു വിതരണം ചെയ്യുക. ഈ വിഭാഗത്തിൽ മറ്റു രോഗങ്ങൾ ഉള്ളവർക്കു മുൻഗണന.

ഇപ്പോഴുള്ള വാക്സീൻ വിതരണത്തിൽ  രണ്ടാം ഡോസ് ലഭിക്കാനുള്ളവർക്കായിരിക്കും മുൻഗണന. 80 വയസ്സിന് മുകളിൽ ഇനിയും ആദ്യ ഡോസ് എടുക്കാനുള്ളവർക്കും മുൻഗണന നൽകും. ഓക്സിമീറ്റർ അടക്കം ചികിത്സയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ കൂടിയ വിലയ്ക്കും കരിഞ്ചന്തയിലും വിറ്റഴിച്ചാൽ നടപടി സ്വീകരിക്കും.

അവസാന വർഷ മെഡിക്കൽ വിദ്യാർഥികളെയും സിഎഫ്എൽടിസികളിലെ ചികിത്സയ്ക്കായി നിയോഗിക്കും. മറ്റു മെഡിക്കൽ വിദ്യാർഥികളെയും വാർഡുതല പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം. അടുത്തിടെ സർക്കാർ സർവീസിൽ നിന്നു വിരമിച്ച ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നതും പരിഗണനയിൽ. ഗവ പ്രസ് ഉൾപ്പെടെ അവശ്യസേവന മേഖലയിൽ പ്രവർത്തിക്കുന്ന ഓഫിസുകളിലെ ജീവനക്കാർക്കെല്ലാം ഉടൻ വാക്സീൻ ലഭ്യമാക്കാൻ നടപടി.

By Divya