തിരുവനന്തപുരം:
രണ്ടാം ഡോസുകാർക്ക് പ്രാമുഖ്യം നൽകുന്നതിന് മുൻകൂർ രജിസ്ട്രേഷൻ ഒഴിവാക്കുകയും വിതരണകേന്ദ്രങ്ങളിൽ മുൻഗണന നൽകുകയും ചെയ്തെങ്കിലും വാക്സിൻ സ്റ്റോക്കില്ലാത്തതിനാൽ വിതരണം ഇഴയുന്നു. പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തി ഒരാഴ്ചയിലേക്കെത്തുമ്പോഴും ആരോഗ്യപ്രവർത്തകരിലെ രണ്ടാം ഡോസ് വാക്സിൻ വിതരണം രണ്ട് ശതമാനം മാത്രമാണ് വർദ്ധിച്ചത്. ഇതടക്കം 76 ശതമാനമാണ് ഇൗ വിഭാഗത്തിലെ രണ്ടാം ഡോസ് നില.
ഏറ്റവും കൂടുതൽ ആരോഗ്യപ്രവർത്തകർ രണ്ടാം ഡോസ് സ്വീകരിച്ചത് വയനാട്ടിലാണ്, 87 ശതമാനം. കുറവ് മലപ്പുറത്തും, 66 ശതമാനം. മുതിർന്ന പൗരന്മാരിലെ രണ്ടാം ഡോസ് വിതരണം 25 ശതമാനം മാത്രമാണ്. പുതിയ രജിസ്ട്രേഷനുകൾക്ക് നാമമാത്രമായ സ്ലോട്ടുകളാണ് ഓരോ ജില്ലയിലുമുള്ളത്. സ്റ്റോക്ക് കുറയുന്ന സാഹചര്യത്തിൽ രജിസ്ട്രേഷനടക്കം കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.