Sat. Nov 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഓഫീസുകളുടെ പ്രവർത്തനത്തിലും നിയന്ത്രണം. ചൊവ്വാഴ്ച മുതൽ 25 ശതമാനം ജീവനക്കാർ മാത്രമേ ഓഫീസിൽ എത്താവൂ എന്ന് സർക്കാർ ഉത്തരവിറക്കി. ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം സൗകര്യം നൽകണം. ബാങ്കുകളും ഈ രീതിയിലാണ് പ്രവർത്തിക്കേണ്ടത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ഈ ഉത്തരവ് ബാധകമാണ്.

അവശ്യ സർവീസുകൾക്ക് ഇളവുണ്ട്. ആരോഗ്യ സ്ഥാപനങ്ങൾ, ലാബുകൾ, ഫാർമസി, ഭക്ഷണസാധനങ്ങൾ വിൽക്കുന്ന (ബേക്കറികൾ ഉൾപ്പെടെ) കടകൾ, പോസ്റ്റൽ/ കൊറിയർ സർവീസുകൾ, സ്വകാര്യ ട്രാൻസ്പോർട്ട് ഏജൻസികൾ, ടെലികോം/ ഇന്റർനെറ്റ് സർവീസുകൾ തുടങ്ങിയവയ്ക്കാണ് ഇളവ്.

അതേസമയം, കൊവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മെയ് നാല് മുതൽ ഒൻപത് വരെയാണ് നിയന്ത്രണങ്ങൾ. ഈ ദിവസങ്ങളിൽ അനാവശ്യമായി ആരെയും വീടിന് പുറത്തിറങ്ങാൻ അനുവദിക്കില്ല. അടഞ്ഞ സ്ഥലങ്ങളിൽ കൂട്ടം കൂടാനും അനുമതി ഉണ്ടാകില്ല.

അത്യാവശ്യമല്ലാത്ത യാത്രകൾ അനുവദിക്കില്ല. പാൽ, പച്ചക്കറി, പലവ്യഞ്ജനം, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾ തുറക്കാം. ഹോം ഡെലിവറി പരമാവധി ഉപയോഗിക്കണം. പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ 2 മീറ്റർ അകലം പാലിക്കണം. 2 മാസ്‌കുകളും കഴിയുമെങ്കിൽ കയ്യുറയും ധരിക്കണം.

By Divya