ബംഗളൂരു:
ചാമരാജ് നഗറിലെ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ രോഗികൾ മരിച്ച സംഭവത്തിന് പിന്നാലെ ഓക്സിജൻ തീരുകയാണെന്ന അപായ സന്ദേശവുമായി (എസ്ഒഎസ്) ബംഗളൂരുവിലെ ആശുപത്രികൾ. കഴിഞ്ഞ ദിവസങ്ങളിലും ആശുപത്രികളിൽനിന്ന് ഓക്സിജൻ തീരുന്നത് സംബന്ധിച്ച മുന്നറിയിപ്പുകൾ വന്നിരുന്നെങ്കിലും തിങ്കളാഴ്ച ഒരേസമയം നഗരത്തിലെ രണ്ട് ആശുപത്രികളിൽനിന്നാണ് സഹായം അഭ്യർത്ഥിച്ചുള്ള സന്ദേശം സമൂഹ മാധ്യമങ്ങളിലെത്തിയത്. കൊവിഡ് രോഗികളാൽ ബംഗളൂരുവിലെ ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുകയാണ്. പലയിടത്തും ഓക്സിജന്റെ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെയാണ് അപായ സന്ദേശങ്ങൾ ഏറുന്നത്.
തിങ്കളാഴ്ച ആർ ടി നഗറിലെ മെഡാക്സ് ആശുപത്രിയിൽനിന്നും മൈസൂരു റോഡിലെ രാജരാജേശ്വരി മെഡിക്കൽ കോളജിൽനിന്നുമാണ് ഏതാനും മണിക്കൂറുകളിലേക്ക് മാത്രമുള്ള ഓക്സിജനാണ് അവശേഷിക്കുന്നതെന്ന അപായ സന്ദേശമെത്തിയത്. കഴിഞ്ഞ രണ്ടു ദിവസത്തിലധികമായി ഓക്സിജൻ സ്റ്റോക്ക് ലഭിച്ചിട്ടില്ലെന്നും തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ ഓക്സിജൻ തീരുമെന്നുമാണ് മെഡാക്സ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ ശ്രീഹരി ഷാപുർ കത്തിലൂടെ അറിയിച്ചത്.
ഇതിന് പിന്നാലെ നൂറിലധികം രോഗികളുള്ള രാജരാജേശ്വരി മെഡിക്കൽ കോളജിലെയും ഓക്സിജൻ മണിക്കൂറുകൾക്കുള്ളിൽ തീരുമെന്ന് അറിയിച്ചുകൊണ്ട് കോളജിലെ മെഡിക്കൽ ഒാഫിസർ വിഡിയോ സന്ദേശവും പുറത്തുവിട്ടു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ഉൾപ്പെടെയുള്ള നേതാക്കൾ മെഡാക്സ് ആശുപത്രി പുറത്തുവിട്ട കത്ത് ഉൾപ്പെടെ ട്വീറ്റ് ചെയ്യുകയും ചെയ്തു.