Mon. Dec 23rd, 2024
ന്യൂഡൽഹി:

കൊവിഡ് വ്യാപനം അതി തീവ്രമായ കേരളം ഏറെ ജാഗ്രത പാലിക്കണമെന്നാവര്‍ത്തിച്ച്  ആരോഗ്യമന്ത്രാലയം. നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കാന്‍ കേരളമടക്കം പത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കി. കൊവിഡ് നിയന്ത്രണ പരിപാടികളില്‍ 100 ദിവസം പൂര്‍ത്തിയാക്കിയ  ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ ആദ്യ പരിഗണന നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

ദില്ലിയിലും മധ്യപ്രദേശിലുംപ്രതിദിന കേസുകളില്‍ നേരിയ കുറവുണ്ട്. രോഗമുക്തി നിരക്ക് രണ്ട് ദിവസത്തിനുള്ളില്‍ 78 ശതമാനത്തില്‍ നിന്ന് 82 ശതമാനമായി. എന്നാല്‍ കേരളം, കര്‍ണ്ണാടകം, ആന്ധ്ര, ബിഹാര്‍, അസം തുടങ്ങി പത്ത് സംസ്ഥാനങ്ങളിലെ   പ്രതിദിന വര്‍ധന ഇപ്പോഴും ആശങ്കാജനകമാണ്.  ഈ സംസ്ഥാനങ്ങളിലെ പല ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അറുപത് ശതമാനത്തിന് മുകളിലെത്തിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്ന് കേന്ദ്രം ആവര്‍ത്തിച്ചു.

അതേസമയം രാജ്യത്തെ ഓക്സിജന്‍ ക്ഷാമം പരിഹരിച്ചെന്ന് ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ള കൊവിഡ് രോഗികള്‍ക്ക് സിടി സ്കാന്‍ എടുക്കേണ്ടതില്ലെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഇതിനിടെ കൊവിഡ് ചികിത്സക്ക് എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സേവനം പ്രയോജനപ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചു.

ആശുപത്രികളില്‍ ഗുരുതരമല്ലാത്ത രോഗികളെ ചികിത്സിക്കണം. ടെലിഫോണ്‍ വഴിയും  ഇവരുടെ സേവനം തേടാം. നൂറ് ദിവസം കൊവിഡ് സേവനം പൂര്‍ത്തിയാക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രിയുടെ പ്രത്യേക ബഹുമതി നല്‍കാനും തീരുമാനമായി.

By Divya