ന്യൂഡല്‍ഹി:
രാജ്യത്ത് കൊവിഡ് രണ്ടാംതരംഗം അതി രൂക്ഷമാകുമ്പോള്‍ ജനങ്ങള്‍ ഓക്സിജന്‍ കിട്ടാതെ മരിക്കുമ്പോഴും പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ പണി പൂത്തിയാക്കാൻ അന്തിമ സമയം നിശ്ചയിച്ച് കേന്ദ്രം.
ഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടണമെന്നും 2022 ഡിസംബറിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിർമാണത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചതിനു പിന്നാലെയാണു സർക്കാർ നിർദേശം.
എന്‍ഡിടിവി , ഹിന്ദുസ്ഥാന്‍ ടെെംസ് തുടങ്ങിയ ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ‘അവശ്യ സര്‍വീസി’ല്‍ ഉള്‍പ്പെടുത്തിയാണ് സെന്‍ട്രല്‍ വിസ്ത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. സെന്‍ട്രല്‍ വിസ്ത നിര്‍മാണ പ്രവര്‍ത്തനങ്ങളെ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ അപേക്ഷ പ്രകാരം ഡല്‍ഹി പൊലീസ് അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തിയത്.
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പദ്ധതി നിർത്തിവയ്ക്കണമെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും ആരോഗ്യ വിദഗ്ധരും ആവശ്യമുന്നയിക്കുന്നതിനിടയിലാണു സർക്കാരിന്റെ പുതിയ നടപടി.
പ്രധാനമന്ത്രിയുടെ പുതിയ വസതിക്കൊപ്പം പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന എസ്പിജിയുടെ ആസ്ഥാനവും പ്രധാന ഓഫിസുകളും ആദ്യഘട്ട നിർമാണത്തിലുണ്ട്. പുതിയ പാർലമെന്റ് മന്ദിരം ഉൾപ്പെടെ 20,000 കോടി രൂപയിലേറെ മുതൽമുടക്കു വരുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി. നിലവിൽ, ലോക് കല്യാൺ മാർഗിലാണ് പ്രധാനമന്ത്രിയുടെ വസതി. 2022 മെയ്യിൽ ഉപരാഷ്ട്രപതിയുടെ വസതിയുടെ നിർമ്മാണം പൂർത്തിയാക്കും.
https://www.youtube.com/watch?v=rHBeudF30jU