ന്യൂഡൽഹി:
കൊവിഡ് ബാധിതർ ഓക്സിജൻ കിട്ടാതെ മരിച്ചുവീഴുന്നത് തുടർക്കഥയായ ഡൽഹിയിൽ അടിയന്തരമായി ഓക്സിജൻ എത്തിക്കണമെന്ന് കേന്ദ്രത്തിന് താക്കീത് നൽകി സുപ്രീം കോടതി. തിങ്കളാഴ്ച അർദ്ധരാത്രിയോടെ എത്തിക്കണം. അടിയന്തര ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്താൻ സംസ്ഥാനങ്ങളുമായി സഹകരിച്ച് ഓക്സിജൻ അധിക സ്റ്റോക് സംഘടിപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ജസ്റ്റീസുമാരായ ഡി വൈ ചന്ദ്രചൂഡ്, എൽ എൻ റാവു, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ 64 പേജടങ്ങിയ ഉത്തരവ് നൽകിയത്. കുട്ടികളുടെ ആശുപത്രിയായ മധുകർ റെയ്ൻബോ ഉൾപെടെ ഡൽഹിയിലെ നിരവധി ആതുരാലയങ്ങളിലാണ് ഓക്സിജൻ ക്ഷാമം രൂക്ഷമായി തുടരുന്നത്. ഇതുസംബന്ധിച്ച് ഡൽഹി ഹൈക്കോടതിയിലും തുടർച്ചയായ വാദംകേൾക്കൽ തുടരുകയാണ്.
പ്രതിദിനം 970 മെട്രിക് ടൺ ഓക്സിജൻ അനുവദിക്കണമെന്നാണ് അരവിന്ദ് കെജ്രിവാൾ സർക്കാറിന്‍റെ ആവശ്യം. എന്നാൽ, 590 മെട്രിക് ടൺ ആയിരുന്നു ശനിയാഴ്ച അനുവദിച്ചത്.