Mon. Dec 23rd, 2024
കൊച്ചി:

എം സ്വരാജിന് ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടമായ വിജയമാണ് തൃപ്പൂണിത്തുറയിലേത്. എറണാകുളം ജില്ലയിൽ ഉദ്വേഗം നിറച്ച് ലീഡുകൾ മാറിമറിഞ്ഞ ഒരേ ഒരു മണ്ഡലമായിരുന്നു തൃപ്പൂണിത്തുറ. നിയമസഭയിലെ മികച്ച പ്രകടനം തൃപ്പൂത്തിത്തുറയിൽ സ്വരാജിന് ഒരവസരം കൂടി നൽകുമെന്ന് പ്രതീക്ഷിച്ചപ്പോൾ മണ്ഡലത്തിലെ ജനപ്രീതി കെ ബാബുവിന് വിജയം നൽകുമെന്നായിരുന്നു പ്രതീക്ഷ.

പക്ഷേ ഇതു രണ്ടും മണ്ഡലത്തിൽ അനായാസ വിജയം സമ്മാനിച്ചില്ല. സ്വരാജിന്റെ ശബരിമല വിരുദ്ധ പ്രസംഗം വോട്ടാകുമെന്നു പ്രതീക്ഷിച്ചവർക്കും തെറ്റുപറ്റി. അവസാന റൗണ്ട് വോട്ടെണ്ണലിലും ലീഡുകൾ മാറി മറിയുന്നതായിരുന്നു കാഴ്ച. ആരു ജയിക്കും എന്നു പ്രവചിക്കാനാവാത്ത ഫോട്ടോ ഫിനിഷ്.

ഒരു ഘട്ടത്തിലും രണ്ടാൾക്കും കൃത്യമായ മേൽകൈ ലഭിച്ചില്ലെന്നതും ഉദ്വേഗം വർധിപ്പിക്കുകയായിരുന്നു. അവസാന നിമിഷം പോസ്റ്റൽ വോട്ടുകൾ സ്വരാജിനു തുണയാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇടതു പ്രവർത്തകർ. എന്നാൽ, ഫലം വരുമ്പോൾ വെറും 992 വോട്ടുകൾക്ക് കെ ബാബു ജയിച്ചു.

ഇടതു മുന്നണി സംസ്ഥാനത്ത് ഇത്ര വലിയ നേട്ടം കൊയ്തിട്ടും എം സ്വരാജിനുണ്ടായ തോൽവി പലരെയും നിരാശരാക്കുന്നുണ്ട്. കളമശേരിയിൽ പി രാജീവും തൃത്താലയിൽ എംബി രാജേഷും വിജയിച്ചപ്പോൾ സഭയിൽ മികച്ച പ്രസംഗങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള എം സ്വരാജും ഇവർക്കൊപ്പം സഭയിലുണ്ടാകണമെന്നായിരുന്നു പലരുടെയും ആഗ്രഹം. പക്ഷേ മണ്ഡലം വിധിയെഴുതിയത് മറ്റൊന്നായെന്നു മാത്രം.

കെ ബാബു 65,875 വോട്ടുകൾ നേടിയപ്പോൾ എം സ്വരാജിന് 64,883 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ബിജെപിയുടെ കെ എസ്രാ ധാകൃഷ്ണൻ 23,756 വോട്ടുകൾ സ്വന്തമാക്കി. മണ്ഡലത്തിൽ നോട്ട 1099 വോട്ടുകൾ നേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

By Divya