മസ്കറ്റ്:
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മേയ് എട്ടു മുതൽ 15 വരെ വാണിജ്യ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവെക്കാനും കർഫ്യൂ സമയം വൈകുന്നേരം ഏഴു മുതൽ രാവിലെ നാലു വരെയാക്കാനും സുപ്രീംകമ്മിറ്റി തീരുമാനിച്ചു. അവശ്യവസ്തുക്കളൊഴികെ എല്ലാ വാണിജ്യ പ്രവർത്തനങ്ങളും നിരോധിക്കാനാണ് തീരുമാനിച്ചത്.
ഭക്ഷ്യകടകൾ, എണ്ണ പമ്പുകൾ, ആരോഗ്യ ക്ലിനിക്കുകളും ആശുപത്രികളും, ഫാർമസികൾ, ഹോം ഡെലിവറി സേവനങ്ങൾ എന്നിവയെയാണ് നിരോധനത്തിൽനിന്ന് ഒഴിവാക്കിയത്. ഈദുൽ ഫിത്തർ കടന്നുവരുന്ന ആഴ്ചയിലാണ് ശക്തമായ നിയന്ത്രണം സർക്കാർ പ്രഖ്യാപിച്ചത്.
മേയ് 11 മുതൽ മൂന്നുദിവസം ജീവനക്കാർ തൊഴിലിടങ്ങളിൽ വരേണ്ടതില്ലെന്നും സർക്കാർ സ്ഥാപനങ്ങളിൽ വിദൂര തൊഴിൽ സംവിധാനം നടപ്പാക്കാനും ഉത്തരവിലുണ്ട്. സ്വകാര്യ സ്ഥാപനങ്ങളോടും ഈ ദിവസങ്ങളിൽ ജോലി സ്ഥലങ്ങളിലേക്ക് വരേണ്ട തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്.
ഈദുൽ ഫിത്റിന് കൂട്ടംചേർന്നുള്ള പെരുന്നാൾ നമസ്കാരവും പരമ്പരാഗത ഈദ് വിപണികളും നടത്തേണ്ടതില്ലെന്നും ബീച്ചുകൾ, പാർക്കുകൾ, പൊതുസ്ഥലങ്ങൾ എന്നിവയുൾപ്പെടെ വിവിധയിടങ്ങളിൽ ഒത്തുചേരുന്നത് നിരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. കുടുംബങ്ങളുടെ കൂടിച്ചേരലിനും കൂട്ടായുള്ള ആഘോഷ പരിപാടികൾക്കും നിയന്ത്രണം ബാധകമാണ്.