ബംഗലൂരു:
കർണ്ണാടകയിലെ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വന്‍ നേട്ടം. 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഴിടത്തും കോൺഗ്രസ് വിജയിച്ചു. രണ്ട് സ്ഥലങ്ങളിൽ ജെഡിഎസും ഒരിടത്ത് ബിജെപിയും വിജയിച്ചു. ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് കൊവിഡ് കാലത്ത് നടന്ന തദ്ദേശതിരഞ്ഞെടുപ്പ് സമ്മാനിച്ചത്.
ബെല്ലാരിയിലും ബിഡാരിയിലും കോണ്‍ഗ്രസ് ഭൂരിഭാഗം സീറ്റുകള്‍ പിടിച്ച് ഭരണം പിടിച്ചത് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. നഗരസഭ കൗണ്‍സിലിലെ ആകെയുള്ള 39 വാർഡുകളിൽ കോൺഗ്രസ് 20 എണ്ണത്തില്‍ വിജയിച്ചപ്പോള്‍ ബിജെപിക്ക് നേടാനായത് 14 സീറ്റില്‍ മാത്രമാണ്. 20 വർഷമായി ബിജെപി കുത്തകയായിരുന്ന ഷിവമോഗ ജില്ലയിലെ തിർത്തഹള്ളിയും കോൺഗ്രസ് പിടിച്ചെടുത്തു.
കെപിസിസി അദ്ധ്യക്ഷന്‍ ഡികെ ശിവകുമാര്‍ നേരിട്ടാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. തിരഞ്ഞെടുപ്പ് നടന്ന 266 വാർഡുകളിൽ 119 സീറ്റും കോൺഗ്രസ് നേടി. 36 ഇടത്ത് ജെഡിഎസും 33 ഇടത്ത് ബിജെപിയും വിജയിച്ചു. മഡിക്കേരിയില്‍ മാത്രമാണ് ബിജെപിക്ക് ഭരണം കിട്ടിയത്.