Wed. Nov 6th, 2024
ഉത്തര്‍പ്രദേശ്:

ഉത്തര്‍പ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന 135 അധ്യാപകര്‍ മരണപ്പെട്ടുവെന്ന് ആരോപിച്ച് അധ്യാപക സംഘടനയായ ശൈഷിക് മഹാസംഘ് രംഗത്ത്. നിര്‍ബന്ധിത തിരഞ്ഞെടുപ്പ് ഡ്യൂട്ടിയാണ് ഇവരുടെ മരണത്തിന് കാരണമായതെന്നും മരിച്ച അധ്യാപകരില്‍ ഭൂരിഭാഗം പേരും കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നെന്നും അധ്യാപക സംഘടന ആരോപിച്ചു.

മരിച്ച 135 അധ്യാപകരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തി ശൈഷിക് മഹാസംഘ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ആര്‍എസ്എസിന്‍റെ അധ്യാപക സംഘടനയാണ് രാഷ്ട്രീയ ശൈഷിക് മഹാസംഘ്. ഇതില്‍ പ്രതിഷേധിച്ച് അധ്യാപക സംഘടനകള്‍ മെയ് രണ്ടിന് വോട്ടെണ്ണല്‍ ബഹിഷ്‌കരിക്കുന്നതായും അറിയിച്ചിട്ടുണ്ട്. ദേശീയ മാധ്യമമായ ‘ദ പ്രിന്‍റ് ‘ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടത്.

ഗര്‍ഭിണികളേയും മറ്റ് ആരോഗ്യപ്രശ്‌നമുള്ള അധ്യാപകരേയും ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കയച്ചതെന്നും സംഘടന ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടി എടുത്തതിന് പിന്നാലെ എട്ട് മാസം ഗര്‍ഭിണിയായിരുന്ന കല്യാണി അഗ്രഹാരി എന്ന അധ്യാപിക മരണപ്പെട്ടിരുന്നു.

പൂര്‍ണ്ണ ഗര്‍ഭിണിയാണെന്ന് കാണിച്ച് തന്നെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ അഭ്യര്‍ഥിച്ച് ഉദ്യോഗസ്ഥര്‍ക്ക് കല്യാണി അപേക്ഷ നല്‍കിയിരുന്നു. ഏപ്രിൽ ഒൻപതിന് ഭർത്താവിനൊപ്പം 30 കിലോമീറ്റർ സഞ്ചരിച്ചാണ് ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്താന്‍ കഴിയില്ലെന്ന് കല്യാണി അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ അത് പരിഗണിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.

By Divya