മനാമ:
കൊവിഡ് കേസുകൾ കുത്തനെ ഉയർന്ന ഇന്ത്യക്ക് ആശ്വാസമായി ബഹ്റൈൻറെ സഹായം. കടുത്ത ഓക്സിജൻ ക്ഷാമത്തിന് പരിഹാരം കാണുന്നതിന് ബഹ്റൈൻ നൽകുന്ന 40 മെട്രിക് ടൺ ലിക്വിഡ് ഓക്സിജനുമായി ഇന്ത്യയുടെ രണ്ട് കപ്പലുകൾ ശനിയാഴ്ച രാവിലെ പുറപ്പെടും. ഇതിനായി ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് തൽവാർ എന്നീ കപ്പലുകൾ വെള്ളിയാഴ്ച മനാമ തുറമുഖത്തെത്തി.
ഇന്ത്യക്ക് ഓക്സിജനും മറ്റ് ജീവൻ രക്ഷാ ഉപകരണങ്ങളും നൽകാൻ തിങ്കളാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. മറ്റ് ഗൾഫ് രാജ്യങ്ങളും അമേരിക്കയും റഷ്യയും ഉൾപ്പെടെയുള്ള ലോക രാജ്യങ്ങളും ഇന്ത്യക്ക് സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനൊപ്പമാണ് ബഹ്റൈനും സഹായ വാഗ്ദാനവുമായി എത്തിയത്.
ഓക്സിജൻ കയറ്റി ശനിയാഴ്ച പുറപ്പെടുന്ന കപ്പലുകൾ മൂന്ന് ദിവസത്തെ യാത്രക്കൊടുവിൽ ഇന്ത്യയിലെത്തുമെന്ന് ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ഗൾഫ് മാധ്യമത്തോട് പറഞ്ഞു. രണ്ട് ക്രയോജനിക് കണ്ടെയ്നറുകളിലാണ് ഓക്സിജൻ കൊണ്ടുപോകുന്നത്. ഓക്സിജന് പുറമേ ഓക്സിജൻ ജനറേറ്ററുകളും ബഹ്റൈൻ ഇന്ത്യക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.