Mon. Dec 23rd, 2024
തിരുവനന്തപുരം:

 
സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയരുമെന്ന് ആശങ്ക. ആശുപത്രികളോട് സജ്ജമാകാൻ നിർദേശം നൽകി. ഇന്നും നാളെയുമായി വീണ്ടും സംസ്ഥാനത്ത് കൂട്ട പരിശോധന നടത്തുന്നുണ്ട്. മൂന്ന് ലക്ഷത്തോളം പേരിൽ പരിശോധന നടത്താനാണ് തീരുമാനം.

ഇതിന്റെ ഫലങ്ങൾ കൂടി വരുന്നതോടെ രോഗികളുടെ എണ്ണം അര ലക്ഷത്തിലേക്ക് ഉയർന്നേക്കുമെന്നാണ് കൊവിഡ് കോർ കമ്മറ്റി യോഗത്തിലെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ആശുപത്രികളോട് സജ്ജമാകാൻ നിർദേശം നൽകിയിരിക്കുന്നത്. വാക്സീൻ ക്ഷാമം തുടരുന്നതിനിടെ 5.5 ലക്ഷം വാക്സീൻ കേന്ദ്രത്തിൽ നിന്നും ഇന്ന് ലഭ്യമാകുമെന്നതാണ് പ്രതീക്ഷ നൽകുന്നത്.

കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. രാവിലെ പതിനൊന്നിനാണ് യോഗം. ഓൺലൈൻ വഴി ചേരുന്ന യോഗത്തിൽ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതഉദ്യോഗസ്ഥരും പൊലീസ് മേധാവിയും പങ്കെടുക്കും. സർക്കാരിന്റെ തുടർ നടപടികൾക്ക് യോഗം രൂപം നൽകും.

രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള രാത്രികാല കർഫ്യു സംസ്ഥാനത്ത് നിലവിൽ വന്നു. രാത്രി ഒമ്പത് മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് നിയന്ത്രണം.